അടിത്തറ ഇളകി മരണം കാത്തിരിക്കുന്ന വീട്; എന്നിട്ടും നഷ്ടപരിഹാരമില്ല; കൊട്ടിയൂരിലെ ഷീബയുടെ ജീവിതം

പ്രളയത്തിനും പേമാരിയ്ക്കുമൊടുവിൽ ജീവിതം കൈക്കുമ്പിളിൽ നിന്ന് വഴുതിപ്പോയ ഒരുപാട് കുടുംബങ്ങൾ സർക്കാർ നീട്ടുന്ന കൈത്താങ്ങിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നൂറിലധികം ദിവസമായി. തലയ്ക്ക് മീതെ ഏത് നിമിഷവും ഇടിഞ്ഞ് വീഴാമെന്ന നിലയിൽ ഡെമോക്ലിസിന്‍റെ വാൾ പോലെ വീട് നിന്നിട്ടും നഷ്ടപരിഹാരം നഷ്ടപ്പെട്ടവരുണ്ട്. അവരുടെ ജീവിതമാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര പറയുന്നത്. 'കര കയറാത്ത കേരളം' തുടരുന്നു.

life of sheeba who is living in an about to fall home kara kayaratha keralam

കണ്ണൂർ: ഉരുൾപൊട്ടലിൽ വീടിന്‍റെ അടിത്തറ വരെ ഇളകിയിട്ടും വീട് പൂർണമായും തകർന്നില്ലെന്ന ഒറ്റക്കാരണത്താൽ  അടിയന്തരധനസഹായം നിഷേധിയ്ക്കപ്പെട്ട ഒരു കുടുംബമുണ്ട് കണ്ണൂർ കൊട്ടിയൂരിൽ. ഒരു മഴയെത്തിയാൽ ഏത് നിമിഷവും തകർന്നേക്കാവുന്ന ഈ വീടുപേക്ഷിച്ച് ഈ കുടുംബം പലായനം ചെയ്തിട്ട് മാസം നാല്. ഇതുവരെ ഒരു പൈസ നഷ്ടപരിഹാരം കിട്ടിയിട്ടില്ല, ഇവർക്ക്.

കൊട്ടിയൂരിലെ ഒറ്റമുറി ക്വാർട്ടേഴ്സിൽ വാടകയ്ക്കാണ് ഇപ്പോൾ ഷീബയെന്ന വീട്ടമ്മയുടെയും അഞ്ചംഗകുടുംബത്തിന്‍റെയും താമസം. 

പ്രളയം കേരളത്തിൽ നാശം വിതച്ച ദിവസങ്ങളിലൊന്നിലാണ് ഞങ്ങൾ കൊട്ടിയൂരിലെ നെല്ലിയോടിയിൽ ഷീബയുടെ വീട്ടിലെത്തുന്നത്. വെള്ളം ഇരച്ചുവരികയായിരുന്നു. മലയോരമേഖല തരിമ്പും ബാക്കിയില്ലാതെ തകർന്നടിഞ്ഞു. അന്ന് വീട്ടിൽ നിന്നിറങ്ങിയതാണ് ഷീബ.

മലയോരത്ത് ഓടിനടന്ന് ഇഞ്ചിയും കപ്പയും നട്ട് അധ്വാനിച്ചുണ്ടാക്കിയ വീട്ടിലേക്ക് കയറാൻ ഷീബയ്ക്ക് മനസിനും ശരീരത്തിനും ആവതില്ലാതെയായി. ഉരുൾപൊട്ടലിൽ അടിത്തറ തകർന്ന വീട് ഓരോ തവണ കാണുമ്പോഴും ഷീബയ്ക്ക് നെ‍ഞ്ചുപൊടിയുന്ന വേദനയുണ്ട്. മറ്റുള്ളവരെ അവനവന്‍റെ ദുരിതം കാണിയ്ക്കാനും വയ്യാതായി. 

''നമ്മുടെ വിഷമങ്ങൾ നമ്മള് കണ്ടാ മതിയല്ലോ ന്ന് ഓർത്തു. നമുക്കൊന്നും തരുകേലെന്ന് അവര് പറഞ്ഞാപ്പിന്നെ പൊറകേ പോയിട്ട് കാര്യമില്ലല്ലോ?'' ഇടറുന്ന തൊണ്ടയോടെ ഷീബ ചോദിയ്ക്കുന്നു. 

ഉരുൾപൊട്ടലിന്‍റെ ബാക്കിയായ ഉരുളൻ കല്ലുകളിൽ തങ്ങിനിൽക്കുന്നതുപോലെയൊരു വീട്. കടങ്ങളുടെ ഭാരം. ചുമരുകളെ പിളർത്തി, അടുക്കളയിലും കിടപ്പുമുറിയിലും വരെ ചെളിക്കൂമ്പാരമെത്തിച്ചു പോയ പേമാരി. പക്ഷെ പുനരധിവാസ പട്ടികയിൽ നിന്ന് ഇവർ പുറത്താണ്. മാറിയുടുക്കാൻ തുണിപോലുമില്ലാതിരുന്ന ഇവർക്ക് അടിയന്തിര സഹായമായ പതിനായിരം രൂപയും നിഷേധിച്ച് അധികൃതർ നൽകിയ മറുപടി ക്രൂരമായിരുന്നു.

''വീട് തകർന്നിട്ടില്ലല്ലോ, പിന്നെയെന്തിനാണ് സഹായമെന്നാണ് അവര് ചോദിച്ചത്.'' ഷീബയുടെ ഭർത്താവ് ശിവദാസൻ പറയുന്നു.

''ഞങ്ങള് പണിയെടുത്തുണ്ടാക്കിയ വീടാണ്, അത്രയേയുള്ളൂ പറയാനിപ്പം. കണ്ടാ വെഷമം വരും. അത്രയേയുള്ളൂ.'' ഷീബയുടെ വാക്കുകൾ മുറിയുന്നു.

മലയിറങ്ങി, കൂലിപ്പണിയെടുത്ത് വാടക നൽകി കൊട്ടിയൂരിലെ ഈ ഒറ്റമുറിക്ക്വാർട്ടഴ്സിൽ കഴിയാൻ മനസ്സുണ്ടായിട്ടല്ല. പക്ഷെ ഓരോ മഴയിലും ഇവരോർക്കും, ജീവനെങ്കിലും ബാക്കിയുണ്ടാകുമല്ലോ!

മരണം കാത്തിരിക്കുന്ന വീട്ടിൽ അന്തിയുറങ്ങാൻ നിർബന്ധിക്കുന്നവരോട് ഷീബയ്ക്ക് പറയാനുണ്ട്. ''മരിയ്ക്കാൻ പേടിയുണ്ടായിട്ടല്ല. എല്ലാം എടുത്തോണ്ട് പോയ പ്രളയത്തിന്‍റെ ശബ്ദവാണ് ഈ വീട്ടില് വരുമ്പം. വയ്യ.''

ഈ മനുഷ്യർ ഇനി ആരുടെ മുന്നിലാണ് കൈ നീട്ടേണ്ടത്? സർക്കാർ സംവിധാനങ്ങളുടെ കണ്ണ് തുറക്കാൻ ഇനി എന്താണ് ചെയ്യേണ്ടത്? ദുരന്തബാധിതരുടെ പട്ടികയിൽ ഇവരില്ലെങ്കിൽ പിന്നെ ആർക്കൊക്കെ വേണ്ടിയാണ് പുനർനിർമാണം?


 

Latest Videos
Follow Us:
Download App:
  • android
  • ios