ഇതു കൊടും ക്രൂരത.. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെ ദയനീയ കാഴ്ചകള്‍
കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളികളോടു മലയാളികള്‍ കാണിക്കുന്നതു വലിയ ക്രൂരത. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നല്‍കുന്ന താമസ സ്ഥലങ്ങളുടെ പേരില്‍ വന്‍ ചൂഷണമാണു സംസ്ഥാനത്ത് നടക്കുന്നത്. ഉപേക്ഷിക്കാറായ കെട്ടിടങ്ങളിലും പൊളിഞ്ഞ കടമുറികളിലും വരെ ആളെ കുത്തിനിറച്ച് ഇടനിലക്കാരും ഉടമകളും കൊയ്ത്തു നടക്കുകയാണ്.
50 മുതല്‍ 60 പേരെ വരെ കുത്തിനിറച്ച കുടുസുമുറിയില്‍നിന്ന് ഓരോരുത്തരില്‍നിന്നായി തലയെണ്ണി വാങ്ങുന്ന വാടക 2000 രൂപ വരെയാണ്. കക്കൂസ് പോലുമില്ലാത്ത മുറികളില്‍ തിങ്ങി താമസിക്കുന്ന തൊഴിലാളികള്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് സമീപത്തെ വെളിമ്പ്രദേശങ്ങളെയാണെന്നത് ഇവര്‍ക്കിടയില്‍ മന്ത് അടക്കമുള്ള രോഗങ്ങള് പെരുകാനും ഇടയാക്കുന്നു.
കണ്ണൂര്‍ നഗരത്തില്‍ തൊഴിലാളികളടക്കമുള്ളവര്‍ താമസിക്കുന്ന പുരാതന കെട്ടിടത്തില്‍ ഞങ്ങള്‍ പോയി. മുറി അന്വേഷിക്കാനെന്ന പേരിലാണു ചെന്നത്. മുകില്‍ വരാന്തയില്‍ പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ ഏതാനും കൂടുകള്‍. ഒരാള്‍ക്കു കഷ്ടിച്ചു കിടക്കാവുന്ന ഈ കൂടിനു വാടക 2000 രൂപയാണ്. നിന്നു തിരിയാനിടമില്ലാത്ത ഇത്തരം 22 കൂടുകളില്‍ ഓരോന്നിനും വാടക 2000 വരെയാകുമ്പോള്‍ കയ്യിലെത്തുന്നത് വന്‍ തുക. എന്നിട്ടും ഇതിനുള്ളില്‍ത്തന്നെ പാചകവും കിടപ്പുമായി കഴിയുകയാണ് കുടുംബങ്ങളടക്കം തൊഴിലാളികള്‍.
കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതൊക്കെത്തന്നെയാണ് അവസ്ഥ.