കൊല്ലത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുവന്നത് ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ്
കൊല്ലം: കഴിഞ്ഞ ദിവസം പീഡനത്തിനിരയായി കൊല്ലപ്പെട്ട എഴ് വയസുകാരിയെ ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് പ്രതി ഏരൂരില്‍ നിന്ന് കുളത്തൂപ്പുഴയിലെത്തിച്ചതെന്ന് പൊലീസ്. പ്രതി രാജേഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പീഡിപ്പിക്കണമെന്ന് നേരത്തെ പദ്ധതിയിട്ട പ്രകാരം കുളത്തൂപ്പുഴയിലെ ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ഏഴ് വയസുകാരിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയതെന്ന് ചോദ്യം ചെയ്യലില്‍ രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി. പെണ്‍കുട്ടി പീഡനവിവരം വീട്ടിലറിയിക്കുമെന്ന് പറഞ്ഞതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവില 10 മണിയോടെ പ്രതി രാജേഷിനെ കൊലപാതകം നടന്ന കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റിലേക്ക് തെളിവെടുപ്പിനായി എത്തിച്ചു. വന്‍ പൊലീസ് സന്നഹാത്തോടെയാണ് പ്രതിയെ കൊണ്ടുവന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബാഗും പ്രതിയുടെ വസ്‌ത്രങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. മൂന്ന് മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു.
തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജേഷിനെ കസ്റ്റഡിയില്‍ വാങ്ങി വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരാനാണ് പൊലീസിന്റെ തീരുമാനം. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് ഏരൂര്‍ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍തഥിനിയെ കാണാതായത്. ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടുപോയ അമ്മയുടെ സഹോദരീഭര്‍ത്താവ് പെണ്‍കുട്ടിയ കുളത്തൂപ്പുഴയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.