കോഴിക്കോട്: രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയുളള കര്‍ഷകരെ സാമൂഹ്യക്ഷേമ പെന്‍ഷനില്‍നിന്ന് ഒഴിവാക്കാനുളള ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ കര്‍ഷക സംഘടനകള്‍. ആനുകൂല്യം നല്‍കുന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് പരിധി നിശ്ചയിച്ചത് ശരിയല്ലെന്നാണ് സിപിഐ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നിലപാട്.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ ശുദ്ധീകരണ പരിപാടി നടപ്പാക്കുമെന്നാണ് തോമസ് ഐസകിന്‍റെ ബജറ്റ് പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെന്‍ഷനുളള വരുമാനപരിധി ഒരു ലക്ഷം രൂപയാണെങ്കിലും ഇതിലുമേറെ വരുമാനമുളളവര്‍ പെന്‍ഷന്‍ വാങ്ങിക്കുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചത്.
രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍, 1200 സ്ക്വയര്‍ ഫീറ്റില്‍ കൂടുതലുളള വീടുളളവര്‍, 1000സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുളള വാഹനങ്ങളുളളവര്‍, ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ എന്നിവരാണ് പെന്‍ഷന്‍ പട്ടികയില്‍നിന്ന് പുറത്തായത്. രണ്ടേക്കറെന്ന പരിധി നിശ്ചയിച്ചതോടെ ഇടത്തരം കര്‍ഷകരില്‍ നല്ലൊരു പങ്കും സാമൂഹ്യക്ഷേമ പെന്‍ഷന് അര്‍ഹരല്ലാതാകും. സിപിഐ കര്‍ഷക സംഘടനയായ കിസാന്‍ സഭ, ഹരിതസേന തുടങ്ങിയ സംഘടനകള്‍ ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തി.
സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം പേര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കാനായി ആറായിരം കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ഈ ബാധ്യത നിയന്ത്രിക്കാനാണ് ധനമന്ത്രിയുടെ കര്‍ശന നടപടി. അതേസമയം സിപിഎമ്മിന്‍റെ കര്‍ഷക സംഘടനയായ കര്‍ഷക സംഘം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
