പുഴയെടുത്ത പുറമ്പോക്കുകള്‍; കിടപ്പാടമില്ലാതായവര്‍
പുഴയെടുത്ത ഓർമകളുടെ നടുവിലാണ് ഈ വൃദ്ധ. പെരിയാറിന്‍റെ കരയിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ഇനി ശേഷിക്കുന്നത് കുറച്ച് കല്ലും മണലും മാത്രം. ബാക്കിയെല്ലാം ജലമെടുത്തു.
ഇടുക്കി : പതിറ്റാണ്ടുകളായി ഇടുക്കിയിലെ പുഴപുറമ്പോക്കുകളിൽ താമസിച്ചിരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പ്രളയത്തിനു പിന്നാലെ കിടപ്പാടമില്ലാത്തവരായിത്തീർന്നത്. സംസ്ഥാന സർക്കാരിന്റെ പ്രളയ പുനരധിവാസ പദ്ധതിയിലും ഇവരുടെ കാര്യത്തിൽ അനിശ്ചതത്വം തുടരുന്നു. ഇനി എങ്ങോട്ട് പോകണമെന്നാണ് മിക്കവരും ചോദിക്കുന്നത്
പുഴയെടുത്ത ഓർമകളുടെ നടുവിലാണ് ഈ വൃദ്ധ. പെരിയാറിന്‍റെ കരയിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ഇനി ശേഷിക്കുന്നത് കുറച്ച് കല്ലും മണലും മാത്രം. ബാക്കിയെല്ലാം ജലമെടുത്തു.
ഇടുക്കി തടിയമ്പാട് സ്വദേശിനിയായ അമ്മിണി തങ്കപ്പൻ പെരിയാറിന്‍റെ കരയിൽ താമസം തുടങ്ങിയിട്ട് പത്ത് നാൽപത് കൊല്ലമായി. പേമാരിക്കൊടുവിൽ ഇടുക്കി ഡാം തുറന്നുവിട്ടപ്പോൾ പ്രളയജലം ഈ വൃദ്ധയുടെ വീട്ടിലേക്കും ഇരച്ചുകയറി. ദിവസങ്ങൾക്ക് ശേഷം വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. വീട് മുഴുവൻ മണൽ കയറിക്കിടക്കുന്നു. വീടിനുള്ളിൽ തകർന്ന മരങ്ങളുടെ അവശിഷ്ടങ്ങൾ. മണ്ണടിഞ്ഞ് വാതിൽ പോലും തുറക്കാനാകുന്നില്ല.
''അന്ന് വന്ന് നോക്കിയപ്പോ.. എനിയ്ക്ക് വല്ലാണ്ട് വെഷമായാര്ന്നു. അന്ന് ഞാൻ വര്മ്പം ഇവിടെ വെള്ളം കെട്ടിക്കിടക്കുവായിരുന്നു.'' അമ്മിണി പറയുന്നു.
വീടിനുളളിലെ മണല് മുഴുവൻ ഇതുവരെയായും നീക്കാനായിട്ടില്ല. 18 വർഷം മുമ്പ് പണിത വീടിന് കാര്യമായ ബലക്ഷയവും ഉണ്ട്.
''അവര് വന്ന് നോക്കി പോയി. സഹായം തരാമെന്നൊക്കെ പറഞ്ഞാരുന്നു. പിന്നെ വിവരമൊന്നുവില്ല.'', ഇനിയെന്ത്? ചാഞ്ഞുകിടക്കുന്ന വീട് നോക്കി അമ്മിണി നെടുവീർപ്പിടുന്നു.
ആറ്റുപുറമ്പോക്കായതിനാൽ ഇനി ഇവിടെ താമസിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ വന്നറിയിച്ചു. ദുരിതാശ്വാസ ക്യാംപിൽ നിന്ന് മകനൊപ്പം അടുത്തയിടെ വാടകമുറിയിലേക്ക് മാറി. പുഴയിറമ്പിൽ താമസിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിനാൽ സർക്കാരിന്‍റെ പ്രളയ സഹായം കിട്ടുമെന്ന് ഉറപ്പില്ല. കയറിക്കിടക്കാൻ വേറോ ഭൂമിയോ വീടോ ഇല്ല. ഇനി എങ്ങോട്ടെന്ന് അമ്മിണിക്ക് ഉത്തരവുമില്ല.
കര കയറാത്ത കേരളം എന്ന വാർത്താപരമ്പരയിൽ ഇതുവരെ സംപ്രേഷണം ചെയ്ത വാർത്തകൾ വായിക്കാം