മുഖ്യമന്ത്രിക്കെതിരായ കാര്‍ട്ടൂണ്‍: കാര്‍ട്ടൂണിസ്റ്റിനോട് ഇനി വരയ്ക്കേണ്ടെന്ന് ജന്മഭൂമി പത്രം

ജന്മഭൂമിയിൽ ദൃക്സാക്ഷി എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരയ്ക്കില്ല

janmabhumi daily widraw cartoonist who draw cartoon against CM

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് ഇനി ജന്മഭൂമി പത്രത്തില്‍ വരക്കില്ലെന്ന് ജന്മഭൂമി. ജന്മഭൂമി പത്രത്തിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്. ജന്മഭൂമിയിൽ ദൃക്സാക്ഷി എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാർട്ടൂണും അതിലെ എഴുത്തും അപകീർത്തികരമായെന്ന വിമർശനങ്ങളെത്തുടർന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. 

എന്നാൽ, ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ആ കർട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കിൽ ജന്മഭൂമിക്ക് ആ കാർട്ടൂണിനൊപ്പം നിൽക്കാനാവില്ല. ഈ സാഹചര്യത്തിൽ ശ്രീ ഗിരീഷിനോട് തുടർന്ന് ആ പംക്തിയിൽ വരയ്ക്കേണ്ടെന്ന് നിർദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതിൽ ഖേദം രേഖപ്പെടുത്തുന്നു എന്ന് കാവാലം ശശികുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

അതേ സമയം മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ചുവെന്ന ആക്ഷേപത്തില്‍ ജന്മഭൂമി പത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കേസുകൊടുത്തു. അനൂപ് വിആര്‍ ആണ് ജന്മഭൂമിക്കെതിരെ കേസ് കൊടുത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഡിസംബര്‍ 22നാണ് സംഘപരിവാറിന്‍റെ കേരളത്തിലെ മുഖപത്രമായ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രമേയമാക്കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios