മണിപ്പൂരിന്‍റെ സമര നായികയ്ക്ക് ഇനി ജീവിതത്തിന്‍റെ മധുരം; വിവാഹം കേരളത്തില്‍

irom sharmila will arrive to kerala for her marriage

തിരുവനന്തപുരം: മണിപ്പൂരിന്‍റെ സമര നായികയ്ക്ക് ഇനി ജീവിതത്തിന്റെ മധുരം. ദീര്‍ഘകാല പ്രണയത്തിന് വിവാഹ സാക്ഷാത്കാരമൊരുക്കാന്‍ ഇറോം ഇഷ്ട നാടായ കേരളത്തിലേക്കെത്തുന്നു.  മണിപ്പൂരി സമര നായിക  ഇറോം ശര്‍മിള വീണ്ടും കേരളത്തിലെത്തുന്നു. വിവാഹത്തിനായാണ് ഇറോം ഇത്തവണ കേരളത്തിലെത്തുന്നത്. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയാണ് വരന്‍. തുടര്‍ന്നും കേരളത്തില്‍ താമസിക്കാന്‍ ഇറോം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

വിവാഹം ഒരാഴ്ചക്കുള്ളിലുണ്ടാകുമെന്നാണ് ഇറോമിന്റെ കേരളത്തിലുള്ള സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് വിശ്രമത്തിനായി ഇറോം ശര്‍മിള ഒരു മാസം മുന്‍പ് കേരളത്തിലെത്തിയിരുന്നു. പോരാട്ടത്തിന്റെ കനല്‍ വഴികളില്‍ ഇറോമിന് കരുത്തു പകരാന്‍ ഉള്ളില്‍ തുടിക്കുന്ന പ്രണയമുണ്ടായിരുന്നു. ഇനി  ജീവിതത്തിന്റെ വസന്തകാലമാണ്.. ദീര്‍ഘകാല പ്രണയമാണ് വിവാഹത്തിലേക്കെത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ വച്ചാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോ ഇറോമിനെ പറ്റി അറിയുന്നത്. പിന്നീട് ഒരിക്കല്‍ കോടതിയില്‍ വച്ച് ആദ്യ കൂടിക്കാഴ്ച. 8 വര്‍ഷത്തെ പ്രണയമുണ്ട് ഇരുവര്‍ക്കുമിടയില്‍. അന്യ ദേശക്കാരനെ വിവാഹം കഴിക്കുന്നതിന് ഭീകര സംഘടനകളുടെയടക്കം ഭീഷണിയുണ്ട്. പക്ഷേ ജീവിതത്തിന്റെ നല്ലൊരു പങ്ക് സമരത്തിനായി മാറ്റിവച്ച ഇറോം ആ എതിര്‍പ്പുകളെയും അവഗണിക്കാനുള്ള നിശ്ചയ ദാര്‍ഢ്യത്തിലാണ്. ഡെസ്മണ്ടിനൊപ്പം ചേരാന്‍ ലണ്ടനിലേക്ക് പറക്കാനുള്ള ഇറോമിന്റെ ശ്രമത്തെ പാസ്‌പോര്‍ട്ട് നല്‍കാനാവില്ലെന്ന നിലപാടിലൂടെ ഭരണകൂടം എതിര്‍ത്തതായും വാര്‍ത്തകളുണ്ടായിരുന്നു.

ഒന്നര പതിറ്റാണ്ടു നീണ്ട പോരാട്ടം മണിപ്പൂരി ജനത ജനാധിപത്യത്തിലൂടെ തിരസ്‌കരിച്ചതോടെ ഇറോം വിശ്രമത്തിനായി തിരഞ്ഞെടുത്തത് കേരളത്തെയാണ്. നിറഞ്ഞ സ്‌നേഹവും അംഗീകാരവും നല്‍കി കേരളം അവരെ സ്വീകരിച്ചു. അതു കൊണ്ടു തന്നെയാണ് ജീവിതത്തിന്റെ പ്രധാനപ്പെട്ടൊരു നിമിഷത്തിന് ഈ പ്രിയപ്പെട്ട നാടിനെ അവര്‍ തിരഞ്ഞെടുത്തതും. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഒരാഴ്ചയിലേറെയായി ഡെസ്മണ്ടും ഇറോമും  മധുരയിലുണ്ട്.

കേരളത്തില്‍ എവിടെ വച്ചായിരിക്കും വിവാഹമെന്നതും എന്നാണ് വിവാഹമെന്നതും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഇറോമിനെ അത്രമേല്‍ സ്‌നേഹിക്കുന്ന മലയാളികള്‍ ആശംസകളോടെ കാത്തിരിക്കുകയാണ്, സമരത്തില്‍ ഒറ്റപ്പെട്ടുപോയ ആ പോരാളി ജീവിതത്തിന്റെ പുതുവഴികളിലേക്ക് കടക്കുന്നത് കാണാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios