അര്‍ത്ഥം കിട്ടി; കെ സുരേന്ദ്രന്‍ പറഞ്ഞ 'മാലാകാരത്തിന്റെ അര്‍ത്ഥം ഇതാണ്!
എന്താണീ മാലാകാരം? ആ ചോദ്യമായിരുന്നു ആ പോസ്റ്റുമായി ബന്ധപ്പെട്ട് ആദ്യമേ ഉയര്‍ന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ 'മാലാകാരം' എന്ന വാക്ക് ട്രോളന്‍മാര്‍ വൈറലാക്കുകയും ചെയ്തു. അതിനുശേഷവും ചര്‍ച്ച തുടര്‍ന്നു.
തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പോടെ, സമുഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പദമാണ് 'മാലാകാരം'. പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം 'വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്' എന്നു അടിക്കുറിപ്പിട്ട് വന്ന കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ 'ദേശാടനപ്പക്ഷി' പരാമര്‍ശത്തിനളു തൊട്ടുപിന്നാലയായിരുന്നു കെ സുരേന്ദ്രന്റെ പരാമര്‍ശം.
'ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ല'-ഇതായിരുന്നു കണ്ണൂരില്‍ ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞത്.
തുടര്‍ന്ന്, ആ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നു. ഇതിനു പിന്നാലെ കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റും വന്നു.
എന്താണീ മാലാകാരം? ആ ചോദ്യമായിരുന്നു ആ പോസ്റ്റുമായി ബന്ധപ്പെട്ട് ആദ്യമേ ഉയര്‍ന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ 'മാലാകാരം' എന്ന വാക്ക് ട്രോളന്‍മാര്‍ വൈറലാക്കുകയും ചെയ്തു. അതിനുശേഷവും ചര്‍ച്ച തുടര്‍ന്നു.
മാലാകാരത്തിന്റെ അര്‍ത്ഥം എന്തെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ആശയക്കുഴപ്പം മാറ്റാനായി കെ സുരേന്ദ്രനെ ബന്ധപ്പെട്ടത്. 'മേഘസന്ദേശം വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അത് വായിക്കൂ അര്‍ത്ഥം മനസിലാകും' ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാലാകാരം എന്ന പദംകൊണ്ട് ദേവസദസിലെ പൂന്തോട്ടം എന്നാണ് അര്‍ത്ഥമാക്കുന്നത്. നളാകാരം എന്ന പദം മാലാകാരമെന്ന് മാറി ഉപയോഗിച്ചതാവാനും സാധ്യതയുണ്ടെന്നാണ് ഭാഷ പണ്ഡിതര്‍ വിശദമാക്കുന്നത്.
മാലാകാരന്‍ എന്ന പദത്തിന്റെ അര്‍ത്ഥം പൂന്തോട്ടക്കാരന്‍ എന്നാണ്. വെറും ദേശാടന പക്ഷിയല്ല മാനസസരസ്സില്‍ നിന്ന് ദേവസഭയിലെ പൂന്തോട്ടത്തിലേക്ക് പറന്നുയരുന്ന രാജഹംസമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ഉപമിച്ചത്.
മേഘസന്ദേശത്തില്‍ രാജ ഹംസത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പൂര്‍വ മേഘം ശ്ലോകം 11 വിവരിക്കുന്നത് ഇപ്രകാരമാണ്:
'കര്‍തൃം യച്ച പ്രഭവതി മഹിമുച്ഛിലിന്ദ്രാമവന്ധ്യാ
തച്ഛത്വാ തേ ശ്രവണസുഭഗം ഗര്‍ജ്ജിതം മാനസോത്കാ:
ആകേലാസാദ്ദിസ്‌കൈസലയച്ഛേദപാഥേയവത്‌നാ
സൈപത്സ്യന്തേ നഭസി ഭവതി രാജഹംസ: സഹായാ'
ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഇതാണ്:
ഭൂമിയില്‍ കൂണുകള്‍ പൊടിപ്പിക്കുന്ന, ഭൂമിയെ ഉര്‍വരമാക്കുന്ന നിന്റെ ഗര്‍ജ്ജനം കേള്‍ക്കുമ്പോള്‍, കമലവനങ്ങളിലെ രാജഹംസങ്ങള്‍ സന്തുഷ്ടരാവുകയും, മാനസ സരസ്സില്‍ നിന്നും കൈലാസത്തിലേക്ക് പറന്നുപോവാനുള്ള ആഗ്രഹം അവരില്‍ ഉണരുകയും, പാഥേയമായി കൊക്കുകളില്‍ താമരവല്ലികളും ഏന്തിക്കൊണ്ട്, കൈലാസത്തിലേക്ക് നിന്നോടൊപ്പം പറന്നുയരുകയും ചെയ്യും.
കെ സുരേന്ദ്രന്റെ മേഘസന്ദേശം ട്രോളുകള്‍ ഉണ്ടാക്കിയെങ്കിലും ആ പേര് ഇനി മലയാളികള്‍ മറക്കാനിടയില്ല എന്ന് ചുരുക്കം.