റെയില്‍വേ പറയുന്നു; 'ഒന്നും അറിഞ്ഞില്ല, ആരും പറഞ്ഞില്ലല്ലോ'
കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ- സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനില്‍ വച്ച് മരിച്ചത്
മലപ്പുറം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃദ്രോഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ച സംഭവത്തില്‍ വിശദീകരണം നല്കി റെയില്‍വേ. കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ- സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനില്‍ വച്ച് മരിച്ചത്.
മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണു സംഭവം. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മൂന്നു മാസം മുന്‍പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോൾ ഇരിക്കൂരിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ നിന്നും കുട്ടിയെ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു.
ഇതിനായി രാത്രി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. ഒടുവിൽ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാർട്ട്മെന്റിലും ഷമീർ ജനറൽ കംപാർട്ട്മെന്റിലും കയറി. തിരക്കേറിയ ബോഗിയിൽ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാൽ പിന്നീട് സുമയ്യ കുഞ്ഞുമായി സ്ലീപ്പർ കോച്ചിൽ കയറി.
എന്നാൽ, ടിക്കറ്റ് പരിശോധകർ ഓരോ കോച്ചിൽനിന്നും ഇവരെ ഇറക്കിവിട്ടു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടിക്കറ്റ് പരിശോധകർ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
എന്നാല്‍ സംഭവം അന്വേഷിച്ചെന്നും സീറ്റ് ചോദിച്ച് ആരും ടിക്കറ്റ് പരിശോധകരെ സമീപിച്ചില്ലെന്നാണ് റെയില്‍വേയ്ക്ക് വേണ്ടി പാലക്കാട് റെയില്‍വേ ഡിവിഷന് വ്യക്തമാക്കുന്നത്. കുഞ്ഞിന്റെ മരണത്തില്‍ അതീവ ഖേദമുണ്ടെന്നും. അറിഞ്ഞിരുന്നുവെങ്കില്‍ സംഭവം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നും റെയില്‍വേ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ അര്‍ദ്ധരാത്രി മൂന്ന് മണിക്കിടെ 8 കോച്ചുകളില്‍ രോഗബാധിതയായ കുഞ്ഞുമായി സുമയ്യ കയറിയിറങ്ങിയെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നതിനാല്‍ റെയില്‍വേയുടെ വാദം തീര്‍ത്തും പൊള്ളയാണ് എന്നാണ് ഉയരുന്ന ആരോപണം.