വിജയം ഫ്രാന്‍സിന്; പക്ഷേ ലോകം കീഴടക്കി ക്രൊയേഷ്യയന്‍ മടക്കം
- കിരീടത്തിന് ഒരു ചുവടകലെ വീണെങ്കിലും ഹൃദയം കീഴടക്കിയാണ് ക്രൊയേഷ്യയുടെ മടക്കം.
കിരീടത്തിന് ഒരു ചുവടകലെ വീണെങ്കിലും ഹൃദയം കീഴടക്കിയാണ് ക്രൊയേഷ്യയുടെ മടക്കം. അവരുടെ സുവർണതലമുറ നേടിയത് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം
സ്വപ്നനേട്ടത്തിലെത്താനായില്ല ക്രൊയേഷ്യക്ക്. രണ്ടര പതിറ്റാണ്ട് മാത്രം പ്രായമുള്ളൊരു രാജ്യം ലോക ഫുട്ബോളിന്‍റെ നെറുകയിലേക്ക് ഒരു പടിയകലെ വീണു. ലുഷ്നിക്കിയിൽ ഫ്രാൻസ് ആഘോഷിക്കുമ്പോൾ പക്ഷെ, അഭിമാനത്തോടെ, തലയുയർത്തി നിന്നത് ക്രൊയേഷ്യൻ താരങ്ങൾ. നഷ്ടത്തിനിടയിലും അവരുടെ നായകൻ ലോകകപ്പിന്‍റെ താരമായി. തോൽവിയിലെ നിരാശ തലസ്ഥാനമായ സാഗ്രെബിൽ ആഘോഷങ്ങളിലേക്ക് വഴിമാറി...
1998 ൽ സെമിയിൽ തോറ്റപ്പോളും കരയാതെ ആഘോഷിക്കുകയായിരുന്നു സാഗ്രെബ്. അവരുടെ സുവർണ തലമുറ ഇത്തവണ അതിനേക്കാൾ ഉയരത്തിലെത്തി. വലിയ പേരുകളുണ്ടായില്ല ടീമിൽ. റഷ്യയിലെത്തുമ്പോൾ അവരുടെ മികവളന്നവർ കുറവായിരുന്നു. എന്നാൽ മോഡ്രിച്ചും പെരിസിച്ചും മാൻസുകിച്ചും റാക്കിറ്റിച്ചുമെല്ലാം മുൻവിധികൾ തിരുത്തി. സ്ലാട്കോ ഡാലിച്ച് ക്രൊയേഷ്യയെ അത്ഭുത സംഘമാക്കി. അർജന്‍റീനയും ഇംഗ്ലണ്ടും അവർക്ക് മുന്നിൽ വീണു.
നോക്കൗട്ടിലെ മൂന്ന് മത്സരങ്ങളിൽ രണ്ട് പെനാൽറ്റി ഷൂട്ടൗട്ട് അതിജീവിച്ചു ക്രൊയേഷ്യ. പിന്നിട്ട് നിന്നശേഷം പൊരുതിക്കയറുന്നത് ശീലമാക്കി.യുഗോസ്ലാവിയൻ ഫുട്ബോൾ പാരമ്പര്യത്തിന്‍റെ നേരവകാശികളെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. അങ്ങനെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മധ്യനിരയ്ക്ക് ലോകം കൈയ്യടിച്ചു. താരങ്ങൾ വാഴ്ത്തപ്പെട്ടപ്പോൾ ക്രൊയേഷ്യൻ ജനത ഒറ്റമനസ്സായി. കിരീടം പാരീസിലേക്ക് പറന്നെങ്കിലും റഷ്യൻ ലോകകപ്പിന് ക്രൊയേഷ്യൻ വീരഗാഥയുടെ പേരായിരിക്കും എഴുതപ്പെടുക.