'കോഗ്‌നോടോപ്പിയ': കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റ് 16 മുതല്‍ തിരുവനന്തപുരത്ത്

കോളേജിന്റെ അക്കാദമിക് മികവിനും സാംസ്‌കാരിക സംഭാവനകള്‍ക്കും പുതിയ മുഖം നല്‍കുന്നതായിരിക്കും കോഗ്‌നോടോപ്പിയ

first time kerala set to host multi disciplinary academic fest on january 16 at trivandrum

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റ്‌ന് വേദിയാകാന്‍ ഒരുങ്ങി തിരുവനന്തപുരം വിമന്‍സ് കോളേജ്. 2025 ജനുവരി 16 മുതല്‍ 18 വരെ നടക്കുന്ന പരിപാടിക്ക് കോഗ്‌നോടോപ്പിയ (Cognotopia) എന്നാണ് പേര് ഇട്ടിരിക്കുന്നത്. വിദ്യാഭ്യാസം, സംസ്‌കാരം, നവീന ആശയങ്ങള്‍ എന്നിവയുടെ ഒരു പുതിയ അന്തരീക്ഷം വളര്‍ത്തുക എന്നതാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗവണ്‍മെന്റ് വിമന്‍സ് കോളേജിന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമാണ് നൂതന മേള സംഘടിപ്പിക്കുന്നത്.

1897-ല്‍ സ്ഥാപിതമായ ഗവണ്‍മെന്റ് വിമന്‍സ് കോളേജ് കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസ ചരിത്രത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചു വരുന്നത്. കോളേജിന്റെ അക്കാദമിക് മികവിനും സാംസ്‌കാരിക സംഭാവനകള്‍ക്കും പുതിയ മുഖം നല്‍കുന്നതായിരിക്കും കോഗ്‌നോടോപ്പിയ. 'സമഗ്ര വിദ്യാഭ്യാസം' എന്ന ആശയത്തില്‍  ഒരു സംവാദമായാണ് മേളയെ മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അനില ജെ എസ് പറഞ്ഞു. അക്കാദമിക് രംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം പുതിയ കാഴ്ചപ്പാടുകളും വളര്‍ത്താന്‍ മേള സഹായകരമാകുമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

ഫിസിക്കല്‍ ആന്‍ഡ് നാച്ചുറല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, ആര്‍ട്‌സ്, ഫിലോസഫി, ലിറ്ററേച്ചര്‍, കള്‍ച്ചര്‍ എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് മേളയുടെ മുഖ്യ ആകര്‍ഷണമാകും. ജനുവരി 16്  ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മേള ഉദ്ഘാടനം ചെയ്യും. ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമാപന പ്രഭാഷണം നടത്തും. വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, ഡോ. സുനില്‍ പി. ഇളയിടം, ഡോ. കെ.പി. രാമനുണ്ണി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ അക്കാദമികവും സാംസ്‌കാരികവുമായ സംവാദത്തില്‍ പങ്കുചേരും.

ജനുവരി 17-ന് 'കേരളത്തിന്റെ വികസനത്തില്‍ മാധ്യമങ്ങള്‍' എന്ന വിഷയത്തില്‍ രാജ്യസഭ അംഗം അഡ്വ. എ.എ. റഹീമും  ശ്രീ ചാണ്ടി ഉമ്മന്‍ എം എല്‍ എയും ചര്‍ച്ചയില്‍ പങ്കെടുക്കും. അടുത്ത ദിവസം, ഭിന്നശേഷി പ്രവര്‍ത്തകനും പ്രചോദന പ്രഭാഷകനുമായ ശ്രീ കൃഷ്ണന്‍ കുമാര്‍ പി എസ് നയിക്കുന്ന 'ഭിന്നശേഷി ഉള്‍ക്കൊള്ളുന്ന ഭാഷ: ജീവിതത്തിന്റെ ശബ്ദങ്ങള്‍' എന്ന സെഷനും ഒരുക്കിയിട്ടുണ്ട്.

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി), ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ ടെക്‌നോളജി, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം (കെ.എസ്.എസ്.ടി.എം), രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.ജി.സി.ബി), റീജിയണല്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ തങ്ങളുടെ വൈദഗ്ദ്ധ്യം പങ്കുവെക്കും.

അക്കാദമിക് ചര്‍ച്ചകള്‍ക്ക് പുറമേ, കോഗ്‌നോടോപ്പിയുടെ ഭാഗമായി പ്രദര്‍ശനങ്ങള്‍, ലൈവ് പ്രകടനങ്ങള്‍, ഫുഡ് ഫെസ്റ്റുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ട്. രാവിലെ 10:00 മുതല്‍ രാത്രി 10:00 വരെ ആകര്‍ഷകമായ അനുഭവം നല്‍കും. ഈ ബഹുവിഷയ മേള, യഥാര്‍ത്ഥ ലോക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന സംഭാഷണങ്ങള്‍ക്ക് തുടക്കമിടുകയും സൃഷ്ടിപരമായ പരിഹാരങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന അക്കാദമിക് മേഖലകളെ ഒന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. സെഷനുകള്‍  സൗജന്യമാണ്. രജിസ്‌ട്രേഷനും പങ്കാളിത്തത്തിനും 9645446439 അല്ലെങ്കില്‍ 94463 12540 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios