നോര്‍മാന്‍ വൈറ്റ്സൈഡ്: ലോകകപ്പ് ചരിത്രത്തിലെ പ്രായം കുറഞ്ഞ താരം
- തകര്‍ത്തത് പെലെയുടെ റെക്കാര്‍ഡ്
മോസ്‌കോ: നോര്‍മാന്‍ വൈറ്റ്സൈഡ്, ഫുട്ബോള്‍ ചരിത്രത്തിലെ ഇതിഹാസങ്ങളുടെ നിരയില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത പേര്. എന്നാല്‍ സാക്ഷാല്‍ പെലെയുടെ റെക്കോര്‍ഡ് 1982 ലോകകപ്പില്‍ തകര്‍ത്ത താരമാണ് വടക്കന്‍ അയര്‍ലന്‍ഡ് മിഡ്ഫീല്‍ഡറായിരുന്ന നോര്‍മാന്‍ വൈറ്റ്സൈഡ്. ലോകകപ്പ് ചരിത്രത്തില്‍ പിന്നീടാര്‍ക്കും തകര്‍ക്കാന്‍ കഴിയാതെപോയ അപൂര്‍വ്വ റെക്കോര്‍ഡുകളിലൊന്നിന്‍റെ അവകാശി.
സ്‌പെയിന്‍ ലോകകപ്പില്‍ 1982 ജൂണ്‍ 17ന് യുഗോസ്ലാവാക്യക്കെതിരെ 17 വയസും 41 ദിവസവും പ്രായമുള്ളപ്പോള്‍ വൈറ്റ്സൈഡ് പന്തുതട്ടി. ലോകകപ്പ് ചരിത്രത്തില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരമെന്ന നേട്ടവുമായി. വൈറ്റ്സൈഡിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം കൂടിയായിരുന്നു ഇത്. മാഞ്ചസ്റ്ററില്‍ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ചുപരിചയമുള്ളപ്പോഴായിരുന്നു ലോകകപ്പ് ടീമിലേക്ക് വൈറ്റ്സൈഡിനെ പരിശീലകന്‍ ബില്ലി ബിങ്കം ക്ഷണിച്ചത്.
വടക്കന്‍ അയര്‍ലന്‍ഡിനായി 1986 ലോകകപ്പിലും വൈറ്റ്സൈഡ് കളത്തിലിറങ്ങി. ദേശീയ ടീമിനായി 38 തവണ ജഴ്സിയണിഞ്ഞ താരം ഒമ്പത് ഗോളുകള്‍ നേടി. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്ററില്‍ 206 മത്സരങ്ങളില്‍ 47 ഗോളുകളും എവര്‍ട്ടണില്‍ 29 മത്സരങ്ങളില്‍ ഒമ്പത് ഗോളുകളും വൈറ്റ്സ്മാന്‍ അടിച്ചുകൂട്ടി. ലീഗ് കപ്പിലും, എഫ്‌എ കപ്പിലും ഗോള്‍ നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈറ്റ്സ്മാന്‍ സ്വന്തമാക്കി.