ഹ്രിസ്റ്റോ സ്റ്റോയിക്കോവ്- ചരിത്രത്തിലെ മൂന്നാം 'മിശിഹാ'
- ബൾഗേറിയന്‍ ഇതിഹാസം ഹ്രിസ്റ്റോ സ്റ്റോയിക്കോവിനെ കുറിച്ച് വിബീഷ് ബാബു എഴുതുന്നു
ചരിത്രം എപ്പോഴും വിജയിക്കുന്നവരുടെ ഒപ്പമാണ്. ആർപ്പുവിളികളും വാദ്യഘോഷങ്ങളും അവർക്ക് മാത്രമുള്ളതാണ്. എന്നാൽ വിജയത്തിന്റെ വെള്ളിവെളിച്ചത്തോളം തന്നെ തിളക്കം പരാജിതരുടെ ഉതിർന്നുവീണ കണ്ണുനീർക്കണങ്ങൾക്ക് ഉണ്ടാവുന്ന അവസരങ്ങളുണ്ട്. തങ്ങളുടെ ഊർജത്തിന്റെ അവസാന തുള്ളികളും വിനിയോഗിച്ചിട്ടും വിജയമെന്ന കടമ്പ കടക്കാൻ കഴിയാതെ പോയ പോരാളികളുടെ കഥകൾ.
ഫുട്ബാളിന്റെ വിശ്വോത്തര വേദിയായ ലോകകപ്പിൽ അത്തരം കഥകൾക്ക് ഒരിക്കലും പഞ്ഞമുണ്ടായിരുന്നില്ല. കാലം തെറ്റിയും രാജ്യം തെറ്റിയും ജനിച്ച പ്രതിഭകളെ ആ കൂട്ടത്തിൽ കാണാം. 1994 ലോകകപ്പിൽ അതുപോലൊരു കഥയുണ്ട്. മരതക കണ്ണുകളുമായി നീലക്കുപ്പായത്തിൽ വന്ന മാന്ത്രികന്റെ ലോക പ്രസിദ്ധമായ കഥയല്ല. അത്രത്തോളം തന്നെ കഴിവുറ്റ, അതേ മാനത്തിൽ നിർഭാഗ്യവാനായ മറ്റൊരു ഇതിഹാസത്തിന്റെ കഥ.1994 വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ നടക്കുകയാണ്. ബൾഗേറിയ കരുത്തന്മാരായ ജർമനിയെ നേരിടുന്നു. കടുത്ത ബാൾക്കൻ ആരാധകർ പോലും തോൽവിയിൽ നിന്നും വ്യത്യസ്തമായ ഒരു മത്സരം പ്രതീക്ഷിച്ചിരുന്നില്ല. 47 മിനുട്ടുകൾ പൂർത്തിയായപ്പോൾ ജര്‍മന്‍ നായകന്‍ ലോതര്‍ മത്തേവൂസ് സ്പോട്ട് കിക്കിൽ നിന്നും ജർമനിക്കായി സ്കോർ ചെയ്യുന്നു. ഒരു വേൾഡ് കപ്പ് മത്സരം പോലും ജയിക്കാത്തവരായി 1994-ൽ അമേരിക്കയിൽ എത്തിയ ബൾഗേറിയ ടീം ക്വാർട്ടർ ഫൈനൽ കളിച്ചതിൽ തന്നെ അവരുടെ ഭൂരിഭാഗം ആരാധകരും തൃപ്തരായിരുന്നു, പക്ഷേ അവരുടെ കളിക്കാർക്ക് അതു പോരായിരുന്നു. 75-ാം മിനുട്ടിൽ ബോക്സിനു വെളിയിലായി വലതു മൂലയോട് ചേർന്ന് ഒരു ഫ്രീകിക്ക്, അതും ബൾഗേറിയക്ക് അനുകൂലമായി.
എട്ടാം നമ്പർ ജേഴ്സി അണിഞ്ഞ അവരുടെ ഇടങ്കാലൻ ഫോർവേർഡ് പന്തിന് സമീപത്ത് നിൽപ്പുണ്ട്. ക്ലിൻസ്മാനും മത്തേവൂസും മറ്റനേകം വമ്പന്മാരും നിറഞ്ഞ ഗംഭീരമായ ജർമൻ മതിൽ. മനോഹരമായി കിക്ക് ചെയ്യപ്പെട്ട പന്ത് ആ പ്രതിരോധത്തെ വകഞ്ഞൊഴുകി ഗോൾ പോസ്റ്റിന്റെ വലതു പാർശ്വത്തിൽ പതിക്കുമ്പോൾ ജർമൻ ഗോൾകീപ്പർ ഒന്നനങ്ങിയത് പോലുമുണ്ടായിരുന്നില്ല. അവിശ്വസനീയമായ ഒരു രംഗം കണ്ടത് പോലെ ക്ലിൻസ്മൻ തലയിൽ കൈവെച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഞെട്ടലിൽ നിന്നും ജർമനി മുക്തമാകുന്നതിന് മുൻപ് തന്നെ ബൾഗേറിയ അവരുടെ രണ്ടാം ഗോളും നേടി.
" ജയൻറ് കില്ലിങ് അറ്റ് ദി ജയന്റ് സ്റ്റേഡിയം"
പിറ്റേദിവസത്തെ ഇൻഡിപെൻഡന്റ് ദിനപത്രം പുറത്തുവന്നത് ഈയൊരു തലക്കെട്ടുമായി ആയിരുന്നു. ആ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച , ബൾഗേറിയയുടെ എക്കാലത്തെയും മികച്ച ആ താരത്തിന്റെ പേര് ഹ്രിസ്റ്റോ സ്റ്റോയിക്കോവ് എന്നായിരുന്നു. വേഗത, ടെക്നിക്, ഫിനിഷിംഗ്, നേതൃപാടവം ഇതെല്ലാം കൂടിച്ചേർന്ന ഒരു സമ്പൂർണ്ണ സ്ട്രൈക്കർ പാക്കേജ് ആയിരുന്നു സ്റ്റോയികോവ്. അതിനു മാറ്റ് കൂട്ടുവാനായി അനിതര സാധാരണമായ ഈഗോയും അഗ്രഷനും. ടൂർണമെന്റിൽ ഉടനീളം സ്റ്റോയിക്കോവിന്റെ പ്രകടനം ആയിരുന്നു ബൾഗേറിയയെ മുന്നോട്ട് നയിച്ചത്. അർജന്റീനയും നൈജീരിയയും അടങ്ങിയ ഗ്രൂപ്പിൽ നിന്നും മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവുമായാണ് അവർ നോക്കൗട്ട് സ്റ്റേജിൽ എത്തുന്നത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾക്ക് എങ്കിലും അർജന്റീനയെ പരാജയപ്പെടുത്തണം എന്ന അവസ്ഥയിലും സ്റ്റോയിക്കോവ് ബൾഗേറിയയുടെ രക്ഷകനായി.മെക്സിക്കോയെയും ജർമനിയെയും തോൽപിച്ച് സെമി ഫൈനലിൽ എത്തിയപ്പോൾ എതിരാളികൾ ഇറ്റലി. മികച്ച അറ്റാക്കിംഗ് ശൈലി കൊണ്ടും സുന്ദരമായ ഗോളുകൾ കൊണ്ടും ബൾഗേറിയ അപ്പോഴേക്കും 1994 ലെ ആരാധകരുടെ പ്രിയ ടീമായി മാറിയിരുന്നു. ലോകം മുഴുവനും അവരുടെ അടുത്ത വിജയഗാഥക്കായി കാതോർത്തിരുന്നു. എന്നാൽ സ്റ്റോയിക്കോവിനും കൂട്ടർക്കും വിധി കാതുവച്ചത് മറ്റൊന്നായിരുന്നു. ഒരു കാലഘട്ടത്തിലെ മികച്ച രണ്ടു താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ സ്റ്റോയിക്കോവ് ഒരു ഗോൾ നേടിയപ്പോൾ റോബർട്ടോ ബാജിയോ എന്ന രണ്ടാമൻ രണ്ടു ഗോളുകളുമായി ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചു. മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ബൾഗേറിയയെ സ്വീഡൻ കീഴടക്കി. ടൂർണമെന്റ് അവസാനിക്കുമ്പോൾ ആറ് ഗോളുകളുമായി 'ഗോൾഡൻ ഷൂ' പുരസ്കാരവും വേൾഡ് കപ്പിലെ മികച്ച മൂന്നാമത്തെ താരത്തിനുള്ള 'ബ്രോൺസ് ബോൾ' പുരസ്കാരവും സ്റ്റോയിക്കോവിനെ തേടിയെത്തിയിരുന്നു.
1994 അക്ഷരാർത്ഥത്തിൽ സ്റ്റോയിക്കോവിന്റെ വർഷമായിരുന്നു. ബാഴ്സലോണയ്ക്കൊപ്പം സ്പാനിഷ് ലീഗ്, സൂപ്പർ കപ്പ് വിജയങ്ങൾ, ഫിഫ വേൾഡ് കപ്പിൽ സംയുക്ത ടോപ് സ്കോറർ ( 6 ഗോളുകൾ) , ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, എല്ലാറ്റിനുമുപരി ആ വർഷത്തെ 'ബാലൻ ഡി ഓർ' പുരസ്കാരം!
"രണ്ടു മിശിഹാ ആണ് ആകെയുള്ളത്... അതിൽ ഒരുവൻ ബാർസലോണയ്ക്ക് വേണ്ടി കളിക്കുന്നു...രണ്ടാമൻ സ്വർഗ്ഗത്തിൽ ഇരിക്കുന്നു"
ബാലൺ ഡി ഓർ അവാർഡ് വാങ്ങിയതിന് ശേഷം സ്റോയിക്കോവ് നടത്തിയ മറുപടി പ്രസംഗത്തിലെ ഭാഗമാണ്. ഹ്രിസ്റ്റോ എന്ന തന്റെ ആദ്യ നാമത്തിന്റെ അർത്ഥം ക്രൈസ്റ്റ് എന്ന് തന്നെയാണെന്ന് ലോകത്തിന് മുന്നിൽ വിളിച്ചു പറയാൻ സ്റ്റോയിക്കോവിലെ പ്രതിഭ അത്ര മാത്രം വെമ്പൽ കൊണ്ടിരുന്നു. ദൈവസമാനമായ കഴിവുകളും അത്രത്തോളം തന്നെ പോന്ന അഹംബോധവും സ്വന്തമായുണ്ടായിരുന്ന സ്റ്റോയിക്കോവ് അങ്ങനെ പറഞ്ഞപ്പോൾ ലോകം മുഴുവനും അതിലെ കാവ്യാത്മകത ആസ്വദിച്ചു എന്നുള്ളതാണ് സത്യം. ആ ഇടങ്കാലൻ ഫുട്ബോളർക്ക് അത്രമാത്രം ബൃഹത്തായ ആരാധകവൃന്ദം അന്നുണ്ടായിരുന്നു.
2003-ൽ കരിയർ അവസാനിപ്പിക്കുമ്പോൾ 450ഓളം മത്സരങ്ങളിൽ നിന്നുമായി 221 ഗോളുകൾ ക്ലബ്ബുകൾക്ക് (CSKA സോഫിയ, ബാർസലോണ, പാർമ..) വേണ്ടിയും 84 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ ദേശീയ ടീമിനു വേണ്ടിയും സ്റ്റോയിക്കോവ് നേടിക്കഴിഞ്ഞിരുന്നു. അതിനുശേഷം ജന്മനാട്ടിലും സ്പെയിനിലുമായി ക്ലബ് മാനേജർ ജോലികൂടി ചെയ്തുവെങ്കിലും എടുത്ത് പറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാനായില്ല.
തന്റെ സുന്ദരമായ ആക്രമണ ഫുട്ബോൾ കൊണ്ട് " തോക്കുധാരിയായ അക്രമി" എന്നും " ദി ഡാഗർ- കഠാരി" എന്നും ഓമന പേരിട്ടു ആരാധകർ സ്നേഹിച്ച ഹ്രിസ്റ്റോ സ്റ്റോയിക്കോവ് എന്തുകൊണ്ടും ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു അധ്യായം തന്നെയാണ്!