മറഡോണയോട് അടങ്ങിയിരിക്കാന്‍ ഫിഫ
- എത്ര വലിയ താരമായാലും സ്റ്റേഡിയത്തിനകത്ത് മര്യാദ കാണിക്കണം
റഷ്യ: ഗ്യാലറിയിലിരുന്ന് മോശം പെരുമാറ്റം അനുവദിക്കനാവില്ലെന്ന് മറഡോണയോട് ഫിഫ. മറഡോണയുടെ മേശം പെരുമാറ്റം തുടർച്ചയായി വിവാദമായതോടെയാണ് മുന്നറിയിപ്പുമായി ഫിഫ രംഗത്ത് വന്നത്. ഗാലറിയിൽ മറഡോണയെ എത്തിക്കാൻ ഫിഫ പൊടിപൊടിക്കുന്നത് ലക്ഷങ്ങളാണ്. അർജന്‍റീനായുടെ മത്സരവേദികളിലെല്ലാം പ്രധാന ആകർഷണം മറഡോണയാണ്. തോറ്റാലും ജയിച്ചാലും ഗോളടിച്ചാലും ഗോൾ വഴങ്ങിയാലും ക്യാമറക്കണ്ണുകൾ ഗ്യാലറിയിലെ മറഡോണയെ തിരയും.
എന്നാൽ കളി കാണാനെത്താൻ മറഡോണയ്ക്ക് ഫിഫ അങ്ങോട്ട് നൽകുന്നത് ഓരോ മത്സരത്തിലും 9 ലക്ഷം രൂപ വച്ചാണ്. താമസവും ഭക്ഷണവും യാത്രയുമെല്ലാം സൗജന്യം. പക്ഷെ ഓരോ മത്സര ശേഷവും എന്തെങ്കിലും ഒരു വിവാദത്തിനും മറഡോണ തിരികൊളുത്തിക്കൊണ്ടിരുന്നു. ഐസ്ലണ്ടിനെതിരായ മത്സരത്തിനിടെ ഏഷ്യൻ വംശജരെ കളിയാക്കും വിധം മറഡോണ ആംഗ്യം കാട്ടിയെന്ന് ബിബിസി റിപ്പോർട്ടർ ട്വീറ്റ് ചെയ്തു. പുകവലിക്കാൻ പാടില്ലാത്തിടത്ത് നിന്ന് മറഡോണ പുക ഊതി വിട്ടത് അടുത്തത്. നൈജീരിയയ്ക്കെതിരായ മത്സര ശേഷം കാട്ടിയ പാരാക്രമം ഫിഫയ്ക്ക് തന്നെ നാണക്കേടായി. കാണികൾക്ക് നേരെ നടത്തിയ ആംഗ്യത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു.
കളിക്കിടെ രക്തസമ്മർദ്ദം കുറഞ്ഞ് ചികിത്സതേടിയതും സംഘാടകർക്ക് തലവേദനയായി. ചുരുക്കത്തിൽ പരാതികളുടെ പ്രളയമായതോടെ മറഡോണയ്ക്ക് മുന്നറിയിപ്പുമായി ലോകകപ്പ് ചീഫ് എക്സിക്യൂട്ടിവ് കോളിൻസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എത്ര വലിയ താരമായാലും സ്റ്റേഡിയത്തിനകത്ത് മര്യാദ കാണിക്കണമെന്ന് കോളിൻസ് മുന്നറിയിപ്പ് നൽകി. താരങ്ങളും, സ്റ്റാഫും, ആരാധകരും പരസ്പരം ബഹുമാനിക്കണമെന്നും കോളിൻസ് പറഞ്ഞു. പഴയ പടക്കുതിരകളെ അവരവരുടെ രാജ്യത്തെ പിന്തുണയ്ക്കാൻ ഗ്യാലറിയിലെത്തിക്കുക എന്നത് ഫിഫ പ്രസിഡന്‍റ് ഇൻഫാന്‍റിതനോയുടെ ബുദ്ധിയാണ്. റൊണാൾഡോ, പുയോൾ, കസിയസ്, തുടങ്ങിയ താരങ്ങളും പ്രത്യേകം ക്ഷണം ലഭിച്ച് റഷ്യയിലെത്തിയിട്ടുണ്ട്.