മുതിര്‍ന്ന നേതാവിനെക്കൊണ്ട് രാഹുല്‍ കാല് പിടിപ്പിച്ചോ? ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
''48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ് '' എന്ന തലക്കെട്ടിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്.
ദില്ലി: ചത്തീസ്ഗഡിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റ ദിവസം മുതിർന്ന നേതാവിനെ കൊണ്ട് കാല് പിടിപ്പിക്കുന്ന രാഹുൽ ഗാന്ധിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജമെന്ന് കണ്ടെത്തൽ. സത്യപ്രതിജ്ഞ വേദിയിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി എസ് സിങ് ഡിയോ രാഹുല്‍ ഗാന്ധിയുടെ കാൽതൊട്ട് വന്ദിക്കുന്ന ചിത്രം വ്യാജമെന്ന് ഇന്ത്യടുഡേയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ചിത്രം ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.
''48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ് '' എന്ന തലക്കെട്ടിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്. തുടർന്ന് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആരാഞ്ഞ് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് മന്ത്രി മറുപടിയുമായി എത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയിൽ വെച്ച് എല്ലാവരുടെയും കാല് തൊട്ട് വണങ്ങിയെന്നും എന്നാല്‍ രാഹുലിന്റെ സമീപമെത്തിയപ്പോള്‍ അദ്ദേഹം തന്നെ കാല് തൊട്ടു വന്ദിക്കാന്‍ അനുവദിക്കാതെ കൈ പിടിച്ച് അഭിനന്ദിക്കുകയായിരുന്നെന്നുമായിരുന്നു സിങ് ഡിയോയുടെ മറുപടി. ചിത്രത്തിൽ ഉള്ളത് പോലെ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'മന്‍മോഹന്‍സിങ് ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കെയില്‍ നിന്ന് വലിയൊരു നൂൽ രാഹുലിന്റെ കാലിനടുത്തേക്ക് തൂങ്ങി നിന്നിരുന്നു. അത് നീക്കം ചെയ്യാൻ ഞാൻ കുനിഞ്ഞിരുന്നു. ചിലപ്പോൾ ഈ ചിത്രമാവാം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്'- മന്ത്രി പറഞ്ഞു. ചിത്രം സൂഷ്മതയോടെ നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
സോഷ്യല്‍ തമാശ, ഐ സപ്പോര്‍ട്ട് മോദി ജി ആന്‍ഡ് ബി ജെ പി എന്നീ ഫേസ്ബുക്ക് പേജുകള്‍ വഴിയും ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് സമൂഹമാധ്യമങ്ങളും മറ്റ് മാധ്യമസ്ഥാപനങ്ങളും സത്യാവസ്ഥ അന്വേഷിച്ച് രംഗത്തെത്തിയത്.