വിശുദ്ധ ചടങ്ങിനു സാക്ഷിയാകാന്‍ ഇന്ത്യന്‍ സംഘം വത്തിക്കാനില്‍
കൊല്‍ക്കത്ത: മദര്‍ തെരേസയെ വിശുദ്ധയാക്കി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കായുള്ള ഇന്ത്യന്‍ സംഘം വത്തക്കാനിലെത്തി. കേന്ദ്ര മന്ത്രി സുഷമ സ്വരാജാണു സംഘത്തിനു നേതൃത്വം നല്‍കുന്നത്. കൊല്‍ക്കത്ത അതിരൂപത ആര്‍ച്ച്ബിഷപ്പ് തോമസ് ഡിസൂസയും സംഘത്തിലുണ്ട്. പാവപ്പെട്ടവനു ദൈവത്തിന്റെ പ്രതിരൂപമായിരുന്നു മദറെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ കൊല്‍ക്കത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍തന്നെ വിശുദ്ധിയുടെ അടയാളം മദറില്‍ ഉണ്ടായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ ഓര്‍മിക്കുന്നു. ദരിദ്രരെ സ്‌നേഹിക്കലാണ് ദൈവത്തിലെത്താനുള്ള വഴിയെന്നു തിരിച്ചറിഞ്ഞു ജീവിച്ചതാണു മദറിന്റെ മഹത്വമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികളായി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ ഉള്‍പ്പെടെ 44 സന്യാസിനിമാരാണു റോമിലുള്ളത്.
സുഷമ സ്വരാജ് നയിക്കുന്ന 12 അംഗ കേന്ദ്ര സംഘം നാളെ റോമിലെത്തും. കേരളത്തില്‍നിന്നുള്ള രണ്ട് മന്ത്രിമാരും ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടുത്തദിവസം റോമിലെത്തും.