ദില്ലി കൂട്ടബലാത്സംഗ കേസ് പ്രതി ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

delhi rape Convict attempts suicide inside Tihar Jail

ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന മൂന്നാം പ്രതി വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ വിനയ് ശര്‍മ്മയെ ആശുപത്രിയിലേക്കു മാറ്റി. കേസിലെ ഒന്നാംപ്രതിയായിരുന്ന രാംസിംഗ് 2013ല്‍ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തിരുന്നു.

തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍ പുലര്‍ച്ചെയാണു വിനയ് ശര്‍മ ആത്മഹത്യക്ക് ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്കു ശ്രമിച്ച വിനയ് ശര്‍മയെ സഹതടവുകാര്‍ രക്ഷപ്പെടുത്തി. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിനയ് ശര്‍മ്മ അപകടനില തരണം ചെയ്തുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

തനിക്കു ജയിലില്‍ ഭീഷണിയുണ്ടെന്നും കൂടുതല്‍ സുരക്ഷ വേണമെന്നും ജിം ഇന്‍സ്ട്രക്റ്ററായിരുന്ന വിനയ് ശര്‍മ്മ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സുരക്ഷ കൂട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉറങ്ങുന്നതിനു മുന്‍പു ചില ഗുളികകള്‍ വിനയ് ശര്‍മ്മ കഴിച്ചതായി സഹതടവുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

2013ല്‍ കേസിലെ ഒന്നാംപ്രതിയായിരുന്ന രാംസിംഗ് ജയിലിനുള്ളില്‍ തൂങ്ങിമരിച്ചത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് കൂട്ടബലാല്‍സംഗ കേസിലെ നാലുപ്രതികളെയും പ്രത്യേക സെല്ലിലേക്ക് മാറ്റുകയും, മുഴുവന്‍ സമയവും സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തി.

2012 ഡിസംബറിലാണു ദില്ലിയില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ചത്. കേസിലെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ സുപ്രീംകോടതി വാദംപൂര്‍ത്തിയാക്കി വിധിപറയാനിരിക്കെയാണ് മൂന്നാംപ്രതി വിനയ് ശര്‍മ്മ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios