കൊച്ചിയിലെ ഡാർക്ക് നെറ്റ് ലഹരി ഇടപാട് കേസിൽ അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് എൻസിബി.
കൊച്ചി: കൊച്ചിയിലെ ഡാർക്ക് നെറ്റ് ലഹരി ഇടപാട് കേസിൽ അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് എൻസിബി. മുഖ്യപ്രതി എഡിസൺ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് കെറ്റമിൻ ഇടപാട് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണിത്. എഡിസൺ കൈകാര്യം ചെയ്തിരുന്ന പത്ത് ബാങ്ക് അക്കൗണ്ടുകൾ എൻസിബി മരവിപ്പിച്ചു.
ഡാർക്ക് നെറ്റ് വഴിയുളള ലഹരി വ്യാപാരത്തിൽ അന്താരാഷ്ട്ര കണ്ണികൾ കൂടുതലുണ്ടെന്നാണ് എൻസിബി കണ്ടെത്തൽ. എഡിസണെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കൂടുതൽ വെളിപ്പെടുത്തലുകൾ അന്വേഷണ സംഘത്തിന് കിട്ടിയത്. 2018 മുതൽ ഡാർക് നെറ്റിൽ സജീവമായിരുന്ന എഡിസൺ, കെറ്റമിൻ ഇടപാടാണ് പ്രധാനമായും ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. വൻതോതിൽ ഓസ്ട്രേലിയയിലേക്ക് ലഹരി എത്തിച്ചിരുന്നെന്ന് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇത് സാധൂകരിക്കുന്ന തെളിവുകളും എൻസിബിക്ക് കിട്ടിയിട്ടുണ്ട്.
എന്നാൽ എവിടെ നിന്നാണ് കോടികളുടെ ലഹരി എത്തിച്ച് വിതരണം ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ മറ്റൊരു പ്രതി ഡിയോളുമായി ചേർന്നായിരുന്നു ആദ്യഘട്ടത്തിൽ ഇടപാടുകൾ. പിന്നീട് എഡിസൺ ഒറ്റയ്ക്കാണ് ഇടപാടുകളെല്ലാം നടത്തിയത്. കെറ്റമിൻ വിദേശത്തേക്ക് മാത്രമായിരുന്നു എത്തിച്ചിരുന്നതെന്നും രാജ്യത്തെ വിവിധയിടങ്ങളിലേക്ക് എൽഎസ്ഡി സ്റ്റാമ്പുകളാണ് വിൽപ്പന നടത്തിയതെന്നും എഡിസൺ മൊഴി നൽകിയിട്ടുണ്ട്.
പണം കൈമാറ്റം ക്രിപ്റ്റോ കറൻസിയായ മൊണേറോ വഴി. കോടികളുടെ ഇടപാട് നടന്ന പത്ത് എക്കൗണ്ടുകളാണ് നിലവിൽ മരവിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ട്. ഓസ്ട്രേലിയയിലെ കണ്ണികളുടെ വിശദാംശങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് എൻ സി ബി സംഘം. പല ഇടപാടുകളുടെയും വിശദാംശങ്ങൾ എഡിസൺ നീക്കം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

