'ഏഴാം നൂറ്റാണ്ടില്‍' വിശദീകരണവുമായി സി.പിഎം; മന്ത്രിസഭയിലും രണ്ട് ഏഴാം നൂറ്റാണ്ടുകാരുണ്ടെന്ന് ലീഗ്
കോഴിക്കോട്: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സി.പി.എം വിശദീകരണം. ഏഴാം നൂറ്റാണ്ട് സംബന്ധിച്ച പ്രയോഗം ചാതുർവർണ്യത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അഭിപ്രായപ്പെട്ടത്. പ്രസ്താവന മുസ്ലീം സമുദായത്തിനെതിരല്ല. പ്രാകൃതമായ ആചാരങ്ങൾക്കും, വിഗ്രഹാരാധനക്കുമെതിരെ പോരാടിയ ചരിത്രമാണ് ഇസ്ലാമിന്റയും നബിയുടേതെന്നും സി.പി.എം വിശദീകരിക്കുന്നു. രാഷ്ട്രീയ എതിരാളികൾ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തെന്നും പി മോഹനൻ ആരോപിച്ചു
അതേസമയം മുക്കം സമരത്തെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരം എന്ന് സി.പി.എം വിശേഷിപ്പിച്ചത് ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചെന്ന് കെ.എൻ.എ ഖാദർ. പിണറായി മന്ത്രി സഭയിലും രണ്ട് ഏഴാം നൂറ്റാണ്ടുകാരുണ്ടെന്നും കെ.എൻ.എ ഖാദർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമര സമിതി നേതാക്കളെ ആരെയും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും ഖാദർ ആരോപിച്ചു. കേരളത്തിന്റെ ഊര്‍ജ്ജ വികസനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസന പദ്ധതിയായ ഗെയ്‍ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യുഡിഎഫും കോണ്‍ഗ്രസ്-ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്.