നാളീകേര കര്‍ഷകര്‍ക്ക് ദുരിതം നിറഞ്ഞ ഓണം
നാല് മാസമായിട്ടും സര്‍ക്കാര്‍ സംഭരിച്ച നാളികേരത്തിന്റെ പണം കിട്ടാതെ വലയുകയാണ് കോഴിക്കോട്ടെ കര്‍ഷകര്‍. കൃഷി ഭവനുകള്‍ വഴിയാണ് കിലോയ്ക് 25 രൂപ നിരക്കില്‍ സര്‍ക്കാര്‍ പൊതിച്ച നാളികേരം സംഭരിച്ചത്. ഓണത്തിന് മുമ്പ് പണം നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ നാല് മാസക്കാലമായി ഇവര്‍ക്ക് ഒരു പൈസയും കിട്ടിയിട്ടില്ല. ഇതോടെ നാളികേരം കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കൃഷകരുടെ ഓണം ദുരിത പൂര്‍ണമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
നാളികേര കൃഷിക്ക് പ്രശസ്തമായ കുറ്റിയാടി മേഖലയിലടക്കം കര്‍ഷകര്‍ക്ക് വലിയ തുകയാണ് സര്‍ക്കാറില്‍ നിന്ന് കിട്ടാനുള്ളത്. ഒമ്പതാം തിയ്യതി മുതല്‍ 6 ദിവസം ബാങ്ക് അവധിയായതിനാല്‍ ഇവര്‍ക്ക് ഇനി പ്രതീക്ഷിക്കാനും ഒന്നുമില്ല.