വിദേശ വനിതയുടെ കൊലപാതകം കണ്ണ് തുറപ്പിച്ചു; കോവളം തീരവും സമീപ പ്രദേശങ്ങളും ഇനി ക്യാമറ നിരീക്ഷണത്തില്‍

  • ആദ്യഘട്ടമായി സ്ഥാപിക്കുന്നത് അൻപത് സി.സി.ടി.വി കാമറകള്‍
  • സഞ്ചാരികളുടെ സുരക്ഷ സംബന്ധി ആശങ്കയ്ക്ക് വിരാമം
CCTV camera surveillance in Kovalam beach

തിരുവനന്തപുരം: വിദേശ വനിതയുടെ തിരോധാനവും പിന്നീടുള്ള കൊലപാതകവും പൊലീസിന്റെയും ടൂറിസം വകുപ്പിടിന്റെയും കണ്ണ് തുറപ്പിച്ചു. കോവളം തീരവും സമീപ പ്രദേശങ്ങളും ഇനി ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിൽ. കോവളം പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ മുറിയിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിൽ കോവളം തീരം ഇനി കർശന നിരീക്ഷണത്തിലാകും. അസ്വാഭാവിക സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മണൽ പരപ്പിലൂടെ വേഗത്തിൽ എത്താൻ പോളാരിസ് വാഹനവും കൂടുതൽ ടൂറിസം പൊലീസും തീരത്ത് എത്തിയതോടെ സഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ചുള്ള വർഷങ്ങളായുള്ള ആശങ്കകൾക്ക് വിരാമമാകുകയാണ്. 

വിദേശ വനിതയെ കോവളത്ത് നിന്ന് കാണാതായ മുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. തീരത്തെയും സമീപ പ്രദേശങ്ങളിലെയും കടകളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളിൽ നിന്ന് മാത്രം ആണ് കുറച്ചെങ്കിലും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിൽ നിന്നും പടം ഉൾക്കൊണ്ട സിറ്റി പൊലീസ് കമീഷണർ പി.പ്രകാശ് ആണ് ഉടൻ തന്നെ തീരത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത്. കോവളം എസ്.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഉടനടി നടപടികൾ കൈകൊണ്ടു. തീരത്തും സമീപ പ്രദേശങ്ങളും സ്ഥാപിച്ച ക്യാമറകൾ മിഴി തുറന്നിട്ടുണ്ട്. 

ടൂറിസം വകുപ്പാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടമായി സ്ഥാപിക്കുന്ന അൻപത് സി.സി.ടി.വി കാമറകളിൽ പകുതിയോളം ഉറപ്പിച്ച് കഴിഞ്ഞു. ഒരാഴ്ചക്കുള്ളിൽ കോവളം ബീച്ചുകൾ, ജംഗഷൻ, ആഴാകുളം, ലൈറ്റ് ഹൗസ്, അംബേക്കർ നഗർ ഉൾപ്പെടെ സഞ്ചാരികൾ വന്നു പോകുന്ന എല്ലായിടവും പൂർണ്ണമായിനിരീക്ഷണത്തിലാകും. കൂരിരുട്ടിൽ അമരുന്ന ഹൗവ്വാ ബീച്ചിലെ രാത്രി കാല കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ ഇൻഫ്രാറെഡ് കാമറകൾക്ക് കഴിയുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികം ആകുമെന്ന് കണ്ടറിയണം. ഹൗവ്വാ ബീച്ച് മുതൽ പാലസ് ജംഗഷൻ വരെ സ്വകാര്യ ഹോട്ടലുകാർ കൈയ്യടക്കി വച്ചിരിക്കുന്ന മേഖലരാത്രികാലങ്ങളിൽ പൂർണ്ണമായി ഇരുട്ടിലാണ്. 

CCTV camera surveillance in Kovalam beach

മറ്റ് ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് ചേക്കേറിയ സാമൂഹ്യ വിരുദ്ധർ നിലവിൽ വിദേശികൾക്കും ഭീഷണിയായി മറിയിരിക്കുകയാണ്. ഒരാഴ്ച മുൻപ് രാത്രി എട്ടരയോടെ ഇതുവഴി നടന്നു പോയ വിദേശ ദമ്പതികളെ സാമൂഹ്യ വിരുദ്ധരിൽ നിന്ന് രക്ഷിക്കാൻ പോലീസിന് എത്തേണ്ടി വന്നു. ഏറെ പരാതികൾക്ക് ശേഷം ടൂറിസം വകുപ്പ് സ്ഥാപിക്കാൻ ശ്രമിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇവിടങ്ങളിൽ കാമറ സ്ഥാപിച്ചെങ്കിലും കൂരിരുട്ട് കാരണം ദൃശ്യങ്ങൾ വ്യക്തമല്ല എന്ന് പൊലീസ് പറയുന്നു. ഒരു മാസം മുൻപ് ആരംഭിച്ച പണികൾക്ക് തുടക്കം മുതൽ വൈദ്യുതി തടസമായിരുന്നു.എല്ലാ മേലകളും ചുറ്റി പതിനാറ് മീറ്ററുകളും സ്ഥാപിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതർ നൽകി.

ഇതോടെ കൂടുതൽ കാമറകൾ ഘടിപ്പിക്കുന്നതിനുള്ള ജോലികൾ ധൃതഗതിയിൽ ആരംഭിച്ചു.പക്ഷെ കാമറകളുടെ അറ്റകുറ്റപ്പണികളും കറണ്ട് ചാർജ് ഉൾപ്പെടെയുള്ള ചിലവുകൾ ആര് വഹിക്കുമെന്നുള്ള തർക്കം ഇപ്പോഴും തുടരുന്നു.എല്ലാ പണികളും പൂർത്തിയാക്കിയ ശേഷം മേൽനോട്ടം പൂർണ്ണമായി പോലീസ് വകുപ്പിന് കൈമാറുമെന്ന് ടൂറിസം വകുപ്പധികൃതർ പറയുന്നു.എന്നാൽ മറ്റു ചിലവുകൾക്കുള്ള പണം തങ്ങൾക്കില്ലെന്നാണ് പോലീസിലെ ബന്ധപ്പെട്ടവരുടെ വാദം. പക്ഷെ രണ്ടു കൂട്ടരും ഒന്നിച്ചില്ലെങ്കിൽ മിഴി തുറന്ന കമറകളുടെ ഭാവിയും അവതാളത്തിലാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios