കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് ക്രൂരമർദ്ദനം; നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളർന്നു

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണക്കേസിന് ശിക്ഷയനുഭവിയ്ക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശി അൽത്താഫിനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചത്. ജയിലിലെ അച്ചടക്കം പാലിച്ചില്ലെന്ന് പറഞ്ഞാണ് കഴുത്തിൽ കാൽ കുടുക്കി കൂട്ടത്തോടെ തല്ലിയതും ബൂട്ടിട്ട് ചവിട്ടിയതും. മർദ്ദനത്തിൽ അൽത്താഫിന്‍റെ ദേഹം തളർന്നു. 

brutal attack of jail authorities on a prisoner in kannur central jail

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ മർദനത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് തടവുകാരന്റെ ശരീരം തളർന്നു. സംഭവം പുറത്തു പറയുന്നത് തടയാൻ ചികിത്സ നിഷേധിച്ചതോടെയാണ് ശരീരം തളർന്നതെന്ന് പരിക്കേറ്റ കോഴിക്കോട് സ്വദേശി അൽത്താഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അൽത്താഫിനെ തുടർന്നും ജയിലിലിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടികാട്ടി ജില്ലാ ജയിൽ സൂപ്രണ്ട് നൽകിയ കത്തും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അൽത്താഫിന് പരസഹായം കൂടാതെ നിൽക്കാനും നടക്കാനും പ്രാഥമിക കൃത്യങ്ങൾക്ക് പോലും കഴിയാതായെന്ന് ജില്ലാ ജയിൽ സൂപ്രണ്ടിന്‍റെ കത്തിൽ കത്തിൽ പറയുന്നു. കാലുകളുടെ നിയന്ത്രണം നഷ്ടമായിരിക്കുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നും ഈ നില തുടരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും വ്യക്തമാക്കുന്നു. മെഡിക്കൽ റിപ്പോർട്ടും ഗുരുതരമായ പരിക്കുകൾ ശരിവെക്കുന്നു. എന്നാൽ അനുദിനം നില വഷളാകുന്ന അൽത്താഫിന് ശസ്ത്രക്രിയക്ക് ദിവസം നൽകിയിരിക്കുന്നതാകട്ടെ 2019 ജനുവരിയിൽ. സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചുവെന്ന് അൽതാഫ് പറയുന്നു.

''കഴുത്ത് കാലുകൾക്കുള്ളിൽ കുടുക്കി അത്രയും പേർ കൂടിയിട്ട് തല്ലുകയായിരുന്നു. ബൂട്ടിട്ട് കാലു കൊണ്ട് ചവിട്ടുകയായിരുന്നു. സെൻട്രൽ ജയിൽ പത്താം ബ്ലോക്കിലെ എ ബ്ലോക്കിന്റെ വരാന്തയിലിട്ട് അത്രയും ആളുകൾക്ക് മുന്നിലിട്ടാണ് തല്ലിയത്.'' അൽത്താഫ് പറയുന്നു.

സെൻട്രൽ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം മുപ്പതിലധികം ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം ഇയാൾ പരാതിയും നൽകിയിരുന്നു. കണിച്ചുകുളങ്ങര കേസിലെ പ്രതിയടക്കമുള്ളവരെ പരാതിയിൽ ദൃക്സാക്ഷികളായി ചേർത്തിട്ടുമുണ്ട്. മർദനം പുറത്തറിയാതിരിക്കാൻ ചികിത്സ പോലും നിഷേധിച്ചതിനാലാണ് മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകാൻ വൈകിയതെന്നും അൽത്താഫ് വ്യക്തമാക്കുന്നുണ്ട്. 2 മാസം മുൻപ് ജില്ലാ ജയിലിലേക്ക് മാറ്റിയതോടെയാണ് ഒടുവിൽ അൽത്താഫിന് ചികിത്സക്ക് വഴി തെളിഞ്ഞത്. നിലവിൽ ശിക്ഷയനുഭവിക്കുന്ന കേസിന് പുറമെ ഉദ്യോഗസ്ഥരെ എതിർത്തതും മോഷണക്കേസുകളുമാണ് ഇയാൾക്ക് മേലുള്ളത്. മർദനമുണ്ടായത് ശരിവെക്കുന്ന ഉദ്യോഗസ്ഥർ, ജയിലിൽ അച്ചടക്കം പാലിക്കാത്തതിനായിരുന്നു ഇതെന്നും വിശദീകരിക്കുന്നു.

''ജയിലിൽ കിടക്കുന്ന ഒരാൾക്ക് ദേഹം തളർന്നിട്ട് പോലും അധികൃതർ അറിയിച്ചില്ല. ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്.'' അൽത്താഫിന്‍റെ സഹോദരൻ പറയുന്നു. ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ ഇയാൾക്ക് കേസുകളിലും ശിക്ഷയിലും ഇളവ് ലഭ്യമാക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios