മരിച്ചുപോയ പിതാവിന് ഏഴുവയസ്സുകാരന്റെ പിറന്നാള്‍ സന്ദേശം; കണ്ണീരണിഞ്ഞ് സമൂഹമാധ്യമങ്ങള്‍
രണ്ടുവരി മാത്രമുള്ള സന്ദേശം മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അമ്മ ടെറി കോപ്ലാന്‍ണ്ടാണ് കമ്പനിയ്ക്ക് അയച്ചത്. എന്നാൽ അയച്ച കത്തിന് പ്രതീക്ഷിക്കാതെ മറുപടി ലഭിച്ചപ്പോൾ ടെറിക്ക് വിശ്വസിക്കാനായിരുന്നില്ല.
ലണ്ടൻ: സമൂഹമാധ്യമങ്ങളെ കണ്ണീരണിയിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു പോയ അച്ഛനയച്ച ആശംസ സന്ദേശം. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് മകന്റെ ആശംസാ സന്ദേശം. പിതാവിന് അയക്കാമോ എന്ന ആവശ്യവുമായി ബ്രിട്ടീഷ് കൊറിയര്‍ കമ്പനിയായ റോയല്‍ മെയിലിനാണ് ജെസ് കോപ്ലാന്‍ണ്ട് കത്തയച്ചത്. അച്ഛനുള്ള ഈ പിറന്നാൾ ആശംസ സ്വർഗത്തിലേക്ക് അയക്കാമോ,നന്ദി. ഇതായിരുന്നു ജെസിന്റെ കുറിപ്പ്.
രണ്ടുവരി മാത്രമുള്ള സന്ദേശം മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അമ്മ ടെറി കോപ്ലാന്‍ണ്ടാണ് കമ്പനിയ്ക്ക് അയച്ചത്. എന്നാൽ അയച്ച കത്തിന് പ്രതീക്ഷിക്കാതെ മറുപടി ലഭിച്ചപ്പോൾ ടെറിക്ക് വിശ്വസിക്കാനായിരുന്നില്ല. റോയല്‍ മെയിലിന്‍റെ അസിസ്റ്റന്‍റ് ഓഫീസ് മാനേജരായ സീന്‍ മില്ലിഗന്‍റെതായിരുന്നു ആ മറുപടി. ജെസ് അയച്ച കത്ത് എത്തേണ്ട സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതായിരുന്നു മറുപടി.
ആകാശത്തെ നക്ഷത്രങ്ങളെയും മറ്റും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാൻ വളരെയധികം കഷ്ടപ്പെട്ടുവെന്നും ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമായി കൈമാറുകയെന്നതാണ് റോയൽ മെയിലിന്‍റെ ജോലിയെന്നും സീന്‍ മില്ലിഗന്റെ മറുപടിയിൽ വിശദമാക്കുന്നു. മകന്റെ കത്തിനുള്ള മറുപടി വന്നുവെന്ന് പറഞ്ഞ് ടെറി തന്നെയാണ് തന്റെ ഫേസ്ബുക്ക് വഴി ഇക്കാര്യം പങ്ക് വെച്ചത്.