സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍; കേരള കത്തോലിക്കാ സഭയ്ക്ക് അഭിമാന നിമിഷം

beatification of sister rani maria

പുല്ലുവഴി: കേരളാ കത്തോലിക്ക സഭയുടെ അഭിമാനമായി സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍. ഇന്‍ഡോറിലെ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിന് സമീപമുള്ള സെന്‍റ് പോള്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ  ഗ്രൗണ്ടിലാണ്‌ ചടങ്ങുകള്‍ നടന്നത്. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കല്‍പ്പന കര്‍ദ്ദിനാള്‍ എയ്ഞ്ചലോ അമിറ്റോ ലത്തീന്‍ ഭാഷയിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ളീഷിലും വായിച്ചു.

വത്തിക്കാനിലെ വിശുദ്ധ ഗണ വിഭാഗം മേധാവിയാണ് എയ്ഞ്ചലോ അമിറ്റോ. രാജ്യത്തിന് അകത്തും പുറത്തും നിന്നും 50 ഓളം മെത്രാന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. കത്തോലിക്കാ സഭയുടെ പുണ്യ നക്ഷത്രമായി സിസ്റ്റർ റാണി മരിയ ഇനി വിശ്വാസിസമൂഹത്തിന് മുന്നിൽ ജ്വലിച്ച് നിൽക്കും. മധ്യപ്രദേശിലെ ഇൻഡോറിൽ രാവിലെ 10 മണിക്കായിരുന്നു ചടങ്ങുകൾ. സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിൽ രാവിലെ ഒന്‍പത് മണിക്ക് വിശ്വാസി സമൂഹം ഒരുമിച്ച് വിശുദ്ധ ബലി അർപ്പിക്കുകയും ചെയ്തു.

ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം പുല്ലുവഴിയിൽ ഒരുക്കിയിരുന്നു. നവംബർ 15 ന് സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് പുല്ലുവഴിയിൽ എത്തിക്കും. നവംബര്‍ 19 നാണ് പുല്ലുവഴിയിൽ കൃതജ്ഞതാ ബലിയും ആഘോഷങ്ങളും നടക്കുക. സിസ്റ്റർ റാണി മരിയയുടെ കുടുംബാംഗങ്ങളും പുല്ലുവഴി ഇടവക പ്രതിനിധികളും എഫ്.സി.സി സന്ന്യാസിനി സമൂഹത്തിന്‍റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.പ്രേക്ഷിത ശുശ്രൂഷയ്ക്കൊപ്പം ജൻമിവാഴ്ചയ്ക്കും കർഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ മിർജാപ്പൂർ ഗ്രാമവാസികളെ സിസ്റ്റർ റാണി മരിയ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചു.

വരുമാനത്തിന്‍റെ വിഹിതം ബാങ്കിൽ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നിൽ ജീവിതം പണയം വയ്ക്കാതിരിക്കാനും പഠിപ്പിച്ചു ഈ കന്യാസ്ത്രീ. സിസ്റ്ററുടെ പ്രവർത്തനങ്ങളിൽ വിറളി പൂണ്ട ജന്മിമാർ ഏർപ്പാടാക്കിയ സമുന്ദർ സിംഗെന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ് 1995 ഫെബ്രുവരി 25ന് 41 കാരിയായ സിസ്റ്റർ റാണി മരിയ രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധ അൽഫോൻസാമ്മയ്ക്കും ചാവറയച്ചനും ഏവുപ്രാസ്യാമ്മക്കും ശേഷം കേരള കത്തോലിക്കാ സഭയ്ക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനമാണ് സിസ്റ്റർ റാണി മരിയ. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി എന്ന ഖ്യാതിയോടെയാണ് സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios