അവരോട് പറഞ്ഞേക്ക്..ഇതിന്റെ ഉദ്‌ഘാടനം കഴിഞ്ഞെന്ന്
നവംബര്‍ 9ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ വിമാനതാവളത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് വലിയ വാക്ക്പ്പോര് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അടക്കം നടന്നിരുന്നു.
കണ്ണൂര്‍: ഉദ്ഘാടനം കഴിയും മുന്‍പേ കണ്ണൂര്‍ വിമാനതാവളത്തില്‍ ആദ്യ യാത്രക്കാരനായി എത്തിയതാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഇന്ന് ഉച്ചതിരിഞ്ഞാണ് അമിത് ഷാ കണ്ണൂര്‍ വിമാനതാവളത്തില്‍ എത്തിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ദേശീയ അദ്ധ്യക്ഷനെ സ്വീകരിക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ അമിത് ഷായെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഈ സ്വീകരണത്തിന് ശേഷം മുന്നോട്ട് പോകുമ്പോള്‍ അവിടെ കൂടിയിരുന്ന കിയാല്‍ ജീവനക്കാരോടാണ് അമിത് ഷാ തന്‍റെ പ്രതികരണം നടത്തിയത്. അവരോട് പറഞ്ഞേക്ക്..ഇതിന്റെ ഉദ്‌ഘാടനം കഴിഞ്ഞെന്ന്. കിയാല്‍ ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോ ആണ് ഇത്.
അമിത് ഷാ നവംബര്‍ 9ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ വിമാനതാവളത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് വലിയ വാക്ക്പ്പോര് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അടക്കം നടന്നിരുന്നു. ഇതിന്‍റെ കൂടി പ്രതികരണമാണ് അമിത് ഷാ നടത്തിയതെന്ന് വ്യക്തം. ഇതേ സമയം അമിത് ഷായ്ക്ക് ഇറങ്ങാന്‍ സൌകര്യം ഒരുക്കിയത് സംസ്ഥാനത്തിന്‍റെ ആധിഥ്യമര്യാദയാണ് എന്നാണ് കേരളധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്.
ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റ് വന്നിറങ്ങിയെന്നത് അത്ഭുതകരമായ വാര്‍ത്തയെന്ന് മന്ത്രി എം.എം മണിയും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമിത് ഷായുടെ വീഡിയോ പുറത്തുവരുന്നത്. കണ്ണൂരില്‍ ബിജെപിയുടെ ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തിയത്. തുടര്‍ന്ന് പിണറായില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിതിന്‍റെ വീടും ബിജെപി അദ്ധ്യക്ഷന്‍ സന്ദര്‍ശിച്ചു