ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന കിരീടം സിംഗപ്പൂരിന് നഷ്ടമായി; ഇനി ഒന്നാം സ്ഥാനത്ത് ഈ എയർപോർട്ട്
സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകൾ, ചെക്ക്-ഇൻ, അറൈവൽ ,ഷോപ്പിംഗ്, സെക്യൂരിറ്റി, ഇമിഗ്രേഷൻ, പുറപ്പെടൽ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിൽ യാത്രക്കാരുടെ ഇടയിൽ നടത്തുന്ന സർവേകളെ അടിസ്ഥാനമാക്കിയാണ് തയാറാക്കുന്നത്.
ഏറ്റവും മികച്ച സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും യാത്രക്കാർക്ക് സമ്മാനിക്കുന്നതിൽ ലോകത്തിലെ മുന്തിയ വിമാനത്താവളങ്ങളെല്ലാം പരസ്പരം മത്സരിക്കുകയാണ്. ഈ മത്സരത്തിൽ ആരായിരിക്കും ഒന്നാമത്? ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ആഗോള റേറ്റിംഗ് സ്ഥാപനമായ സ്‌കൈട്രാക്‌സ് തിരഞ്ഞെടുത്തിരിക്കുന്നത് ദോഹയിലെ ഹമദ് ഇൻറർനാഷണൽ വിമാനത്താവളത്തെയാണ്. 12 തവണ ചാമ്പ്യൻമാരായ സിംഗപ്പൂർ ചാംഗി വിമാനത്താവളത്തെ മറികടന്നാണ് ദോഹയിലെ വിമാനത്താവളത്തിന്റെ കുതിപ്പ്. ചാംഗി വിമാനത്താവളത്തിന് തൊട്ടുപിന്നിൽ, ദക്ഷിണകൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളം മൂന്നാം സ്ഥാനം നേടി, ടോക്കിയോയിലെ ഹനേഡ, നരിത വിമാനത്താവളങ്ങൾ നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തി.
ദില്ലി ഇൻറർനാഷണൽ വിമാനത്താവളം പട്ടികയിൽ 36-ാം റാങ്ക് നിലനിർത്തുകയും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച വിമാനത്താവളം എന്ന പദവി ഒരിക്കൽ കൂടി സ്വന്തമാക്കുകയും ചെയ്തു. ഹൈദരാബാദ് വിമാനത്താവളം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയർപോർട്ട് സ്റ്റാഫ് സർവീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂർ വിമാനത്താവളവും മികവ് പുലർത്തി, ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളം എന്ന പുരസ്‌കാരം നേടി. കഴിഞ്ഞ വർഷം നേടിയ 69ആം റാങ്കിൽ നിന്ന് 10 റാങ്കുകൾ കുതിച്ച് 59-ലേക്ക് എത്തുകയും ചെയ്തു.
1999 മുതൽ നടക്കുന്ന സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകൾ, ചെക്ക്-ഇൻ, അറൈവൽ ,ഷോപ്പിംഗ്, സെക്യൂരിറ്റി, ഇമിഗ്രേഷൻ, പുറപ്പെടൽ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിൽ യാത്രക്കാരുടെ ഇടയിൽ നടത്തുന്ന സർവേകളെ അടിസ്ഥാനമാക്കിയാണ് തയാറാക്കുന്നത്.
2024-ലെ ലോകത്തിലെ മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടിക
1. ദോഹ ഹമദ് എയർപോർട്ട്, ഖത്തർ
2. സിംഗപ്പൂർ ചാംഗി എയർപോർട്ട്
3. സിയോൾ ഇഞ്ചിയോൺ എയർപോർട്ട്, ദക്ഷിണ കൊറിയ
4. ടോക്കിയോ ഹനേഡ എയർപോർട്ട്, ജപ്പാൻ
5. ടോക്കിയോ നരിറ്റ എയർപോർട്ട്, ജപ്പാൻ
6. പാരീസ് ചാൾസ് ഡി ഗല്ലെ എയർപോർട്ട്, ഫ്രാൻസ്
7. ദുബായ് എയർപോർട്ട്, യുഎഇ
8. മ്യൂണിക്ക് എയർപോർട്ട്, ജർമ്മനി
9. സൂറിച്ച് എയർപോർട്ട്, സ്വിറ്റ്സർലൻഡ്
10. ഇസ്താംബുൾ എയർപോർട്ട്, തുർക്കി