ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നത് എന്തിന്? ആനുകൂല്യങ്ങളും സമയപരിധിയും അറിയൂ
ഈ തീയതിക്ക് മുമ്പ് ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.ഒപ്പം ആനുകൂല്യങ്ങൾ നഷ്ടപ്പെടാനും ഇടയാക്കും. ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്.
ദില്ലി: ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. 2023 മാർച്ച് 31 ന് മുൻപായി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഈ തീയതിക്ക് മുമ്പ് ആധാറും പാനും ലിങ്ക് ചെയ്താൽ, നിരവധി ആനുകൂല്യങ്ങൾക്ക് പ്രയോജനം ലഭിക്കും. എന്നാൽ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് നിഷ്ക്രിയമാകുകയും ഒപ്പം നിങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.
ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോഴും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോഴും കെവൈസി വിവരങ്ങൾ നൽകുമ്പോൾ ആധാർ നമ്പറും പാൻ നമ്പറും പ്രധാനമായതിനാൽ ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്. ചില നേട്ടങ്ങൾ ഇതാ:
• ആധാറും പാനും ലിങ്ക് ചെയ്യുന്നത് ആദായനികുതി വകുപ്പിന് എല്ലാ ഇടപാടുകളുടെയും ഓഡിറ്റ് എളുപ്പമാക്കുന്നു. എല്ലാ ഇടപാടുകൾക്കും ആധാർ കാർഡിനെ ഒരു പ്രധാന രേഖയാക്കി മാറ്റുന്നു.
• നിങ്ങളുടെ ആധാർ-പാൻ ലിങ്ക് ചെയ്യുന്നതുവരെ ഐടിആർ ഫയലിംഗ് അനുവദിക്കില്ല.
• ഒരിക്കൽ ലിങ്ക് ചെയ്‌താൽ, രസീത് അല്ലെങ്കിൽ ഇ-ഒപ്പ് സമർപ്പിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുന്നതിനാൽ ഐടിആർ ഫയലിംഗ് എളുപ്പമാകും.
• ആധാർ കാർഡിന്റെ ഉപയോഗം മറ്റ് രേഖകളുടെ ആവശ്യം ഒരു പരിധി വരെ കുറച്ചിട്ടുണ്ട്.
• ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ നൽകുന്നതിന് പകരം ആധാർ കാർഡ് ലിങ്ക് ചെയ്താൽ മതി
• ലിങ്ക് ചെയ്തതിന് ശേഷം ഇടപാടുകൾ ട്രാക്ക് ചെയ്യാനാകും, ഇത് തട്ടിപ്പ് തടയാനും നികുതി വെട്ടിപ്പ് തടയാനും സഹായിക്കുന്നു.
നിലവിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1000 രൂപ നൽകണം. സമയപരിധിക്ക് മുമ്പ് രണ്ട് കാർഡുകളും ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്, കാരണം അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പാൻ കാർഡ് പ്രവർത്തനറാഹിതമാക്കാനും ആനുകൂല്യങ്ങൾ നഷ്ടപ്പെടാനും ഇടയാക്കും. അതിനാൽ, ആനുകൂല്യങ്ങൾ ആസ്വദിക്കുന്നതിനും അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും സമയപരിധിക്ക് മുമ്പ് ലിങ്കിംഗ് പ്രക്രിയ പൂർത്തിയാക്കുന്നത് നല്ലതാണ്