എന്താണ് ഡിജി ലോക്കർ? പ്രധാന രേഖകൾ ഡിജിലോക്കറുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ എന്നറിയാം
ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാം
സുപ്രധാന രേഖകൾ നഷ്ടപ്പെടുമെന്ന ഭയം ഇനി വേണ്ട. ഇവ ഡിജി ലോക്കറുമായി ലിങ്ക് ചെയ്യാം. എന്താണ് ഡിജി ലോക്കർ? ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ വ്യക്തികളെ അനുവദിക്കുന്ന ഒരു ഓൺലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആൻഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമാണ് ഡിജി ലോക്കർ. വ്യക്തികൾക്ക് അവരുടെ ഡോക്യുമെന്റുകൾ ഓൺലൈനായി ആക്‌സസ് ചെയ്യാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
ആധാർ കാർഡ്, പാൻ കാർഡ്, മറ്റ് പ്രധാന രേഖകൾ എന്നിവ ഡിജിലോക്കറുമായി ലിങ്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഡിജിലോക്കറുമായി നിങ്ങളുടെ പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ എങ്ങനെ ലിങ്ക് ചെയ്യാം എന്നറിയാം.
ഘട്ടം 1: ഒരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടാക്കുക.
ഡിജിലോക്കറിൽ അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ് ആദ്യപടി. ഡിജിലോക്കർ വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഒരു അക്കൗണ്ട് നിർമ്മിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്യാം. അക്കൗണ്ട് നിർമ്മിക്കാൻ മൊബൈൽ നമ്പർ നൽകുകയും ഒട്ടിപി ഉപയോഗിച്ച് അത് പരിശോധിച്ചുറപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ഘട്ടം 2: ഡിജിലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക
അക്കൗണ്ട് നിർമ്മിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ യുസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്ത ശേഷം, ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെത്തും.
ഘട്ടം 3: ആധാർ കാർഡ് ലിങ്ക് ചെയ്യുക
ഡിജിലോക്കറുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ "ലിങ്ക് യുവർ ആധാർ" ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്‌ക്കുന്ന ഒട്ടിപി ഉപയോഗിച്ച് അത് ഉറപ്പുവരുത്തുക.
ഘട്ടം 4: പാൻ കാർഡ് ലിങ്ക് ചെയ്യുക
ഡിജിലോക്കറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ "ലിങ്ക് യുവർ പാൻ" ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാൻ നമ്പറും ജനനത്തീയതിയും നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ, നിങ്ങളുടെ പാൻ കാർഡ് ലിങ്ക് ചെയ്യാൻ "സേവ്" ക്ലിക്ക് ചെയ്യുക.
ഘട്ടം 5: മറ്റ് പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ ലിങ്ക് ചെയ്യുക
ഡ്രൈവിംഗ് ലൈസൻസുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് ഡോക്യുമെന്റുകൾ എന്നിവ പോലുള്ള മറ്റ് പ്രധാന ഡോക്യുമെന്റുകൾ ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ "അപ്‌ലോഡ്" ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് പിഡിഎഫ്, ജെപിജി അല്ലെങ്കിൽ പിഎൻജി ഫോർമാറ്റിൽ രേഖകൾ അപ്‌ലോഡ് ചെയ്യാം. നിങ്ങൾ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, അവ നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിൽ സംരക്ഷിക്കപ്പെടും.