സിബിൽ റാങ്ക് ആർക്കൊക്കെ ബാധകമാണ്? സിബിൽ സ്കോറും സിബിൽ റാങ്കും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
ആരൊക്കെയാണ് സിബിൽ റാങ്കിന് കുറിച്ച് അറിഞ്ഞിരിക്കേണ്ടത്? സിബിൽ റാങ്ക് കുറഞ്ഞാൽ ആരെയൊക്കെ ബാധിക്കും?
സിബിൽ സ്കോറിനെ കുറിച്ച് ഇന്ന് ഒരുവിധം ആളുകൾക്കൊക്കെ അറിവുണ്ടാകും. സിബിൽ സ്കോർ മെച്ചപ്പെടുത്താൻ ഭൂരിഭാഗം പേരും ശ്രമിക്കാറുമുണ്ട്. എന്നാൽ എന്താണ് സിബിൽ റാങ്ക്? ആരൊക്കെയാണ് സിബിൽ റാങ്കിന് കുറിച്ച് അറിഞ്ഞിരിക്കേണ്ടത്? സിബിൽ റാങ്ക് കുറഞ്ഞാൽ ആരെയൊക്കെ ബാധിക്കും? അതിനു സിബിൽ സ്കോറും സിബിൽ റാങ്കും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം
എന്താണ് സിബിൽ സ്കോർ?
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ സിബിൽ സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. സിബിൽ സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് സിബിൽ സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് സിബിൽ സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കപ്പെടുന്നത്.
എന്താണ് സിബിൽ റാങ്ക്?
വ്യക്തികൾ മാത്രമല്ല, കമ്പനികളും വായ്പകൾക്ക് അപേക്ഷിക്കാറുണ്ട്. വ്യക്തികളുടെ വായ്പാ യോഗ്യത പരിശോധിക്കാൻ സിബിൽ സ്കോർ പരിശോധിക്കുമ്പോൾ കമ്പനികളുടെ വായ്പാ യോഗ്യത പരിശോധിക്കാൻ സിബിൽ റാങ്ക് ആണ് ഉപയോഗിക്കുക. 1 മുതൽ 10 വരെയുള്ള സ്കെയിലിലാണ് ഇത് അവതരിപ്പിക്കുന്നത്, ഏറ്റവും ഉയർന്ന റാങ്കാണ് ഒന്ന്. 50 കോടി രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കുന്ന കമ്പനികൾക്കായാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.
സിബിൽ സ്കോറും സിബിൽ റാങ്കും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ
1. ഉപയോഗം:
സിബിൽ സ്കോർ: വ്യക്തിഗത വായ്പാ യോഗ്യത അളക്കുന്നു
സിബിൽ റാങ്ക്: ബിസിനസ് സ്ഥാപനങ്ങളുടെ വായ്പാ യോഗ്യത അളക്കുന്നു
2. സ്കെയിൽ:
സിബിൽ സ്കോർ: 300 മുതൽ 900 വരെ.
സിബിൽ റാങ്ക്: 1 മുതൽ 10 വരെ
3. നിർണ്ണയിക്കുന്ന ഘടകങ്ങൾ:
സിബിൽ സ്കോർ: വ്യക്തിഗത വായ്പാ ചരിത്രത്തെയും ക്രെഡിറ്റ് റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.
സിബിൽ റാങ്ക്: ഒരു കമ്പനിയുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.