വിജയ് മല്യയെ ഉടൻ ഇന്ത്യയിലെത്തിക്കും; മുംബൈ ആർതർ റോഡ് ജയിലിലേക്കെന്ന് സൂചന
മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്
മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ വ്യവസായി വിജയ് മല്യയെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ട്.
മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്. 2016 മാർച്ച് രണ്ടിനായിരുന്നു ഇത്. ബ്രിട്ടണിലേക്ക് പോയ മല്യ ഇവിടെ കഴിയുകയായിരുന്നു.
ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാനത്തെ ഹർജിയും മെയ് 14 ന് യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ വഴി തുറന്നത്. ബ്രിട്ടണിൽ നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.