ട്രംപിനും മസ്കിനും തിരിച്ചടി; പിരിച്ചു വിട്ട സര്‍ക്കാരെ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കോടതി

പിരിച്ചുവിട്ടവരെ തല്‍സ്ഥാനങ്ങളില്‍ വീണ്ടും നിയമിക്കാന്‍ നേരത്തെ ബാള്‍ട്ടിമോര്‍ ജഡ്ജി നിര്‍ദേശിച്ചിരുന്നു

US court rules to keep 25,000 fired federal workers in jobs for now

ചെലവ് ചുരുക്കലിന്‍റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നീ്ക്കത്തിന് തിരിച്ചടി. 18 യുഎസ് ഏജന്‍സികളിലെ പിരിച്ചുവിട്ട 25,000 ത്തോളം ജീവനക്കാരെ വീണ്ടും നിയമിക്കണമെന്ന മേരിലാന്‍ഡ് ജഡ്ജിയുടെ ഉത്തരവ് നില നില്‍ക്കുമെന്ന് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. പിരിച്ചുവിട്ടവരെ തല്‍സ്ഥാനങ്ങളില്‍ വീണ്ടും നിയമിക്കാന്‍ നേരത്തെ ബാള്‍ട്ടിമോര്‍ ജഡ്ജി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പുറത്താക്കപ്പെട്ട ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള യുഎസ് നീതിന്യായ വകുപ്പിന്‍റെ അഭ്യര്‍ത്ഥന അപ്പീല്‍ കോടതി പാനല്‍ നിരസിക്കുകയായിരുന്നു.ഡെമോക്രാറ്റുകള്‍ നയിക്കുന്ന 19 സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡി.സി.യും നല്‍കിയ കേസില്‍ ആണ് ഉത്തരവ്.

 

ഫെബ്രുവരി പകുതിയോടെ 18 പ്രധാന യുഎസ് ഏജന്‍സികളില്‍ നിന്നും ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലുള്ള ഇന്‍റേണല്‍ റവന്യൂ സര്‍വീസ്, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങിയ ഘടകങ്ങളില്‍ നിന്നും പിരിച്ചുവിടപ്പെട്ട പ്രൊബേഷണറി ജീവനക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് വിധി. മറ്റൊരു കേസില്‍, ഈ മാസം ആദ്യം ഒരു സാന്‍ ഫ്രാന്‍സിസ്കോ ഫെഡറല്‍ ജഡ്ജി കൃഷി, പ്രതിരോധം, ഊര്‍ജ്ജം, ഇന്‍റീരിയര്‍, ട്രഷറി, വെറ്ററന്‍സ് അഫയേഴ്സ് എന്നീ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിട്ട പ്രൊബേഷണറി തൊഴിലാളികളെ വീണ്ടും നിയമിക്കണമെന്ന് ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു.

 

ഫെഡറല്‍ തൊഴിലാളികളുടെ എണ്ണം ഗണ്യമായി ചുരുക്കാനും സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുമുള്ള ട്രംപിന്‍റെയും ഇലോണ്‍ മസ്കിന്‍റെയും ശ്രമങ്ങളുടെ ആദ്യപടിയായിരുന്നു പ്രൊബേഷണറി തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍. മിക്ക ഏജന്‍സികളും നൂറുകണക്കിന് പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിട്ടു. എന്നാല്‍ മറ്റു ചില ഏജന്‍സികള്‍ അതിലും കൂടുതല്‍ പേരെ പിരിച്ചുവിട്ടിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios