അദാനിക്ക് ആശ്വാസമാകുമോ? കേസെടുത്ത യുഎസ് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയുന്നു
കരാറുകള്‍ നേടിയെടുക്കുന്നതിന് കൈക്കൂലി നല്‍കിയ കാര്യം മറച്ചുവെച്ച് യുഎസ് നിക്ഷേപകരെ കബളിപ്പിച്ചു എന്ന് ആരോപിച്ച് അദാനിക്കെതിരെ പീസ് കുറ്റം ചുമത്തിയിരുന്നു.
ഗൗതം അദാനിക്കെതിരെ കേസ് ചുമത്തിയ അമേരിക്കയിലെ പ്രോസിക്യൂട്ടര്‍ ബ്രയാന്‍ പീസ് സ്ഥാനമൊഴിയുന്നു. ജനുവരി 10 ന് അദ്ദേഹം പടിയിറങ്ങും. ഫെഡറല്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കുന്നതിനാലാണിത്. 2021 ല്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ആണ് ബ്രയാന്‍ പീസിനെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചത്. ഡൊണാള്‍ഡ് ട്രംപ് ജനുവരി 20 ന് അധികാരമേല്‍ക്കുന്നതിന് മുമ്പ് ബ്രയാന്‍ പീസ് സ്ഥാനമൊഴിയും. കരാറുകള്‍ നേടിയെടുക്കുന്നതിന് കൈക്കൂലി നല്‍കിയ കാര്യം മറച്ചുവെച്ച് യുഎസ് നിക്ഷേപകരെ കബളിപ്പിച്ചു എന്ന് ആരോപിച്ച് നവംബറില്‍ അദാനി ഗ്രൂപ്പിന്‍റെ തലവനായ ഗൗതം അദാനിക്കെതിരെ പീസ് കുറ്റം ചുമത്തിയിരുന്നു.
സൗരോര്‍ജ കരാറുകള്‍ക്കായി അദാനി ഗ്രൂപ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരില്‍ നിന്നും ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കൈപ്പറ്റിയെന്നാണ് അദാനി ചെയ്തിരിക്കുന്ന കുറ്റം. ഇതിന് അദാനിയും മറ്റുള്ളവരും ഏകദേശം 265 മില്യണ്‍ ഡോളര്‍ (ഏകദേശം 2237 കോടി രൂപ) കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഈ കരാറുകള്‍ രണ്ട് ദശാബ്ദത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ (ഏകദേശം 16882 കോടി രൂപ) ലാഭമുണ്ടാക്കുമെന്നായിരുന്നു അദാനിയുടെ കണക്കുകൂട്ടല്‍. ഗൗതം അദാനിയെ പരാമര്‍ശിക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ചിലര്‍ ദി ബിഗ് മാന്‍' തുടങ്ങിയ കോഡ് നാമങ്ങള്‍ ഉപയോഗിച്ചതായി ബ്രയാന്‍ പീസിന്‍റെ ഓഫീസ് ആരോപിച്ചിരുന്നു
അദാനിക്കെതിരെ മാത്രമല്ല നിരവധി പ്രധാന വ്യക്തികള്‍ക്കെതിരെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ബ്രയാന്‍ പീസ് നടപടികളെടുത്തിട്ടുണ്ട്. ഒക്ടോബറില്‍, 'എല്‍ ചാപ്പോ'യ്ക്കും സിനലോവ മയക്കുമരുന്ന് കാര്‍ട്ടലിനും രഹസ്യമായി സുരക്ഷ നല്‍കിയതിന് മെക്സിക്കോയിലെ ഉന്നത പൊതു സുരക്ഷാ ഉദ്യോഗസ്ഥനായ ജെനാരോ ഗാര്‍സിയ ലൂണയെ തടവിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത് ബ്രയാന്‍ പീസ ആണ്. ഹിപ് ഹോപ്പ് താരം കെല്ലിയെ 2022ല്‍ ലൈംഗിക കടത്തിന്‍റെ പേരില്‍ 30 വര്‍ഷം തടവിന് ശിക്ഷിക്കുന്നതിലേക്ക് നയിച്ച നടപടികള്‍ക്ക് തുടക്കമിട്ടതും പീസാണ്.