കേന്ദ്ര ബജറ്റിൽ പ്രതീക്ഷ വച്ച് കേരളം; കിഫ്ബിക്ക് മേലെ കേന്ദ്രം പാര പണിയുമെന്ന ആശങ്കയുണ്ടെന്ന് തോമസ് ഐസക്

കർഷക പ്രതിഷേധങ്ങളുടെ കാലത്ത് കാർഷിക രംഗത്തിന് ഊന്നൽ നൽകുമെന്ന വിലയിരുത്തൽ ഉയരുമ്പോൾ നാണ്യവിളകളുടെ താങ്ങുവില ഉയർത്തണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം

Union budget Kerala expectations are high Thomas Isaac worries about KIIFB

തിരുവനന്തപുരം: കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രബജറ്റിൽ ഇളവുകൾ തുടരുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടിയത് ഒരു വർഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. കിഫ്ബിക്ക് മേൽ കേന്ദ്ര സർക്കാർ പാരപണിയുമെന്ന ആശങ്ക കേരളത്തിനുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നികുതി വർദ്ധനവ് ഇല്ലാതെ ചെലവഴിക്കലിന് പ്രാധാന്യം നൽകുന്ന ബജറ്റാണ് കേരളം ഉറ്റുനോക്കുന്നത്. കർഷക പ്രതിഷേധങ്ങളുടെ കാലത്ത് കാർഷിക രംഗത്തിന് ഊന്നൽ നൽകുമെന്ന വിലയിരുത്തൽ ഉയരുമ്പോൾ നാണ്യവിളകളുടെ താങ്ങുവില ഉയർത്തണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. എയിംസ്, കേരളത്തിന് പ്രത്യേക റെയിൽവെ സോണ്‍ തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങൾ പരിഗണിക്കുമോ എന്നതും ശ്രദ്ധേയം. വായ്പാ പരിധി ഉയർത്തിയതാണ് കൊവിഡ് കാലത്ത് കേരളത്തെ പിടിച്ചുനിർത്തിയത്. ഒരുശതമാനമെങ്കിലും കൂടുതൽ നിശ്ചയിച്ച് ഒരു വർഷം കൂടി പരിധി ഉയർത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ബജറ്റിന് പുറത്തെ കടമെടുപ്പിൽ കിഫ്ബിക്ക് മേൽ സിഎജി കുരുക്കിടുമ്പോൾ കേന്ദ്ര ഇടപെടലുകൾക്കുള്ള സാധ്യതയും കേരളം തള്ളുന്നില്ല.

ആരോഗ്യമേഖലക്ക് കൂടുതൽ വകയിരുത്തലുണ്ടാകുമെന്നത് കേരളത്തിനും പ്രതീക്ഷ നൽകുന്നു. ഗതാഗത മേഖലയിലെ ഉത്തേജനവും പ്രധാനം. ഇന്ധനവില ഉയരുമ്പോൾ സംസ്ഥാനങ്ങൾ നികുതി കുറക്കുകയല്ല കേന്ദ്രം ഇളവ് കൊണ്ടുവരണമെന്നതാണ് കേരളത്തിന്‍റെ നിർദ്ദേശം. എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന രീതിയിൽ കൊവിഡ് സെസ് കൊണ്ടുവരുന്നതിനെയും കേരളം എതിർക്കുന്നു. വിശദമായ റെയിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെങ്കിലും കെ റെയിൽ, അങ്കമാലി-ശബരി പാത എന്നിവയിലെ തീരുമാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് നിർണ്ണായകമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios