ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തുമോ നിർമ്മല സീതാരാമൻ; കേന്ദ്ര ബജറ്റിലെ സാധ്യതകൾ ഇങ്ങനെ
ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഇടം പിടിക്കില്ലെന്ന് ഉറപ്പ് പറയാനുമാകില്ല. ധനമന്ത്രിയായിരുന്ന പീയൂഷ് ഗോയല്‍ ഇടക്കാല ബജറ്റിലെ ഈ കീഴ് വഴക്കം ലംഘിച്ച ചരിത്രവും ഉണ്ട്.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. നിര്‍ണായകമായ ഒരു പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. എല്ലാ പ്രഖ്യാപനങ്ങളും, പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് എന്ന ഒരൊറ്റ ലക്ഷ്യത്തെ മാത്രം ഉന്നം വയ്ക്കുമ്പോള്‍ ബജറ്റ് എന്ന ആവനാഴിയും വ്യത്യസ്തമായിരിക്കില്ല. ബജറ്റിന്‍റെ ഉന്നവും മറ്റൊന്നല്ല.. ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഇടം പിടിക്കില്ലെന്ന് ഉറപ്പ് പറയാനുമാകില്ല.. ധനമന്ത്രിയായിരുന്ന പീയൂഷ് ഗോയല്‍ ഇടക്കാല ബജറ്റിലെ ഈ കീഴ് വഴക്കം ലംഘിച്ച ചരിത്രം ഉണ്ട്. രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കിയ മുന്നേറ്റം അതേ പടി നിലനിര്‍ത്താനാകും ധനമന്ത്രി ശ്രമിക്കുക. ഇടക്കാല ബജറ്റ് എന്നത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് അതിന്‍റെ മുന്‍ഗണനകളെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി യോജിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ ഉപകരണം ആണ് എന്നതില്‍ സംശയമില്ല.
ധനമന്ത്രിക്ക് രാഷ്ട്രീയ സമ്മര്‍ദ്ദമോ?
വലിയ തോതില്‍ പ്രതിപക്ഷം സംഘടിതമായിരിക്കുകയും, ഒരുമിച്ച് നീങ്ങുകയും ചെയ്താല്‍ അത് സ്വാഭാവികമായും ഭരണകക്ഷിക്ക് സമ്മര്‍ദ്ദം ഉണ്ടാക്കും. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഒരു ബജറ്റ് ആകുമ്പോള്‍ ധനമന്ത്രിക്കും ആ വെല്ലുവിളി ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോദി സര്‍ക്കാരിന് ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ലെന്ന് വേണം പറയാന്‍. ഇന്ത്യ സഖ്യം നേരിടുന്ന പ്രതിസന്ധി ബിജെപി സര്‍ക്കാരിന് വലിയൊരു തണലാണ്. ആ തണലില്‍ ഒരു സമ്മര്‍ദ്ദവും ഇല്ലാതെ ധനമന്ത്രിക്ക് തന്‍റെ ബജറ്റ് അവതരിപ്പിക്കാം.
വലിയ പ്രഖ്യാപനങ്ങളുണ്ടാകുമോ
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുകൾ ആകർഷിക്കാൻ സർക്കാർ വലിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാൻ സാധ്യതയില്ല. 2019ലെ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് വലിയ പ്രഖ്യാപനങ്ങൾ ആദായനികുതി റിബേറ്റും, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയും മാത്രമായിരുന്നു. നോട്ട് അസാധുവാക്കലും ജിഎസ്ടിയും മൂലം നിരാശരായ മധ്യവർഗത്തെ ആകർഷിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ ചെറുക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾ കൂടിയായിരുന്നു ഈ നടപടികൾ.
രാഷ്ട്രീയവും ബജറ്റും
മതത്തിന്റെയും ജാതിയുടേയും രാഷ്ട്രീയം, അടിസ്ഥാന സൌകര്യ വികസനം, വിദേശ നയതന്ത്രത്തിലെ ശക്തമായ പ്രതിച്ഛായ എന്നിവ ബിജെപിയുടെ തുരുപ്പു ചീട്ടുകളാണ്. രാം മന്ദിർ വിഷയവും സർക്കാരിന്റെ ആയുധമാണ്. ഇവയെല്ലാം പ്രതിപക്ഷത്തിന് കടുത്ത വെല്ലുവിളി ആണ്. ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയത്തിന്റെ അലയൊലികൾ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നിലനിർത്തുന്നതിന് ബിജെപിയുടെ സംഘടനാപാടവം തുണയാകും. ഏറ്റവുമൊടുവിൽ നിതീഷ് കുമാറെത്തിയതോടെ ബീഹാറും ബിജെപിയുടെ കൈപിടിയിലൊതുങ്ങുന്നു. ഇവയെല്ലാം പരിഗണിച്ചാൽ ഇത്തവണ വോട്ടർമാരെ തൃപ്തിപ്പെടുത്താൻ ധനമന്ത്രി നിർമ്മല സീതാരാമന് കടുത്ത പ്രയോഗങ്ങളൊന്നും നടത്തേണ്ട ആവശ്യമുണ്ടാകില്ല.