മുദ്ര യോജനയ്ക്ക് കീഴിൽ 43 കോടി വായ്പ; ബജറ്റിൽ 22.5 ലക്ഷം കോടി രൂപ വകയിരുത്തി ധനമന്ത്രി
കഴിഞ്ഞ 10 വർഷത്തിനിടെ സ്ത്രീകൾക്ക് 30 കോടി മുദ്ര യോജന വായ്പകൾ നൽകിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം 3.90 ലക്ഷം കോടി രൂപ ഉൾപ്പെടുന്ന 4.9 കോടി വായ്പകൾ അനുവദിച്ചു,
പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ സർക്കാർ ഇത് വരെ 22.5 ലക്ഷം കോടി രൂപ മൂല്യമുള്ള 43 കോടി വായ്പകൾ അനുവദിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. കൂടാതെ, ജൻധൻ അക്കൗണ്ടുകളിലൂടെ നേരിട്ട് 34 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടു, കഴിഞ്ഞ 10 വർഷത്തിനിടെ സ്ത്രീകൾക്ക് 30 കോടി മുദ്ര യോജന വായ്പകൾ നൽകിയിട്ടുണ്ട്. 2024 ജനുവരി 26 വരെ, നടപ്പു സാമ്പത്തിക വർഷം 3.90 ലക്ഷം കോടി രൂപ ഉൾപ്പെടുന്ന 4.9 കോടി വായ്പകൾ അനുവദിച്ചു, അതിൽ 3.83 ലക്ഷം കോടി രൂപ വിതരണം ചെയ്തു . മുദ്ര സ്കീമിന് കീഴിൽ വിതരണം ചെയ്ത വായ്പയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (എൻപിഎ) 2023 ജൂൺ വരെ 2.68 ശതമാനമാണ് .
പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് ( പിഎംഎംവൈ) കീഴിലുള്ള ഒരു പദ്ധതിയാണ് മൈക്രോ യൂണിറ്റ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ( മുദ്ര). 2015-ൽ ആരംഭിച്ച ഈ സ്കീം പ്രകാരം 10,00,000 രൂപ വരെയുള്ള ബിസിനസ് ലോണുകൾ ലഭ്യമാക്കുന്നു . മറ്റ് ബിസിനസ് ലോണുകളിൽ നിന്ന് വ്യത്യസ്തമായി, മുദ്ര ലോണുകൾ ലഭിക്കുന്നതിന് ഈട് പണയം വെക്കേണ്ടതില്ല.
ജൻധൻ അക്കൗണ്ടുകളിലൂടെ 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം നടന്നുവെന്നും ധനമന്ത്രി പറഞ്ഞു. ഇത് വഴി 2.7 ലക്ഷം കോടി രൂപ ലാഭിക്കുന്നതിന് സാധിച്ചെന്നും അവർ വ്യക്തമാക്കി. സർക്കാരിൻറെ സാമ്പത്തിക മാനേജ്‌മെൻറ് മികച്ച നിലയിലാണെന്നും ഇതുവഴി രാജ്യത്തിന് പുതിയ ദിശയും പുതിയ പ്രതീക്ഷയും ലഭിച്ചതായും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയിൽ നിന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും വിഭാഗങ്ങൾക്കും കൂട്ടായ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് മോദി സർക്കാർ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും അവർ പറഞ്ഞു