കേരളത്തിന് 65,000 കോടിയുടെ റോഡ്, കൊച്ചി മെട്രോയ്ക്ക് 1957 കോടി, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ വാഗ്ദാനം

ദേശീയതലത്തിൽ 11,000 കിലോമീറ്ററിന്‍റെ ദേശീയപാതാ കോറിഡോറുകൾ വരുന്നു. അതിൽപ്പെടുത്തിയാണ് കേരളത്തിലും 1,100 കിലോമീറ്റർ റോഡ് വികസനം വരുന്നത്. ഇതിനായി വകയിരുത്തിയിരിക്കുന്നത് 65,000 കോടി രൂപ. 

union budget 2021 kerala gets 65000 crore roads kochi metro big boost to road metro infrastructure

ദില്ലി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യവികസനമേഖലകളിൽ വൻ വികസനപാക്കേജുകൾ വാഗ്ദാനം ചെയ്ത് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ തുക വകയിരുത്തി. 

കേരളത്തിന് പുറമേ, തമിഴ്നാട്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് റോഡ് വികസനത്തിനും മെട്രോ, റെയിൽ വികസനത്തിനുമായി വലിയ പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് വലിയ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ സഭയ്ക്ക് അകത്ത് തന്നെ കയ്യടികളുയർന്നു. 

ദേശീയതലത്തിൽ 11,000 കിലോമീറ്ററിന്‍റെ ദേശീയപാതാ കോറിഡോറുകൾ വരുന്നു. അതിൽപ്പെടുത്തിയാണ് കേരളത്തിലും 1,100 കിലോമീറ്റർ റോഡ് വികസനം വരുന്നത്. ഇതിനായി വകയിരുത്തിയിരിക്കുന്നത് 65,000 കോടി രൂപയാണ്. കേരളത്തിലെ റോഡ് വികസനത്തിലെ 600 കിലോമീറ്റർ കേരളത്തിലൂടെ കടന്നുപോകുന്ന മുംബൈ - കന്യാകുമാരി ഹൈവേയാണ്. കൊച്ചി ഫിഷിങ് ഹാർബർ വാണിജ്യഹബ്ബാക്കും. 

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ വികസനത്തിന് 1957.05 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11.5 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടത്തിന്‍റെ നിർമാണത്തിനാണ് ഈ തുക വകയിരുത്തുക. 

തമിഴ്നാടിനായി വൻ തുകയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. 3500 കിലോമീറ്റർ റോഡിനായി 1.03 ലക്ഷം കോടി രൂപ. ഇതിൽ മധുര - കൊല്ലം കോറിഡോർ, ചിറ്റൂർ - തച്ചൂർ കോറിഡോർ എന്നിവയുടെ നിർമാണം അടുത്ത വർഷം തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ചെന്നൈ മെട്രോയ്ക്കും വൻതുക വകയിരുത്തിയിട്ടുണ്ട്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിന് 63,246 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 

പശ്ചിമബംഗാളിലെ 675 കിലോമീറ്റർ റോഡ് വികസനത്തിനായി വകയിരുത്തിയിരിക്കുന്നത് 25,000 കോടി രൂപയാണ്. ഇതിൽ കൊൽക്കത്ത - സിലിഗുരി ഹൈവേയുടെ വികസനവും ഉൾപ്പെടും.

അസമിൽ മൂന്ന് വർഷം കൊണ്ട് 1300 കിമീ റോഡുകൾ നിർമിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഇതിനായി 34,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തുന്നത്. 

58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളുരു മെട്രോയുടെ 2എ, 2ബി ഘട്ടങ്ങളുടെ വികസനത്തിനായി 14,788 കോടി രൂപയും കേന്ദ്രസർക്കാർ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നാഗ്പൂർ, നാഷിക് മെട്രോകൾക്കും സർക്കാർ തുക മാറ്റി വയ്ക്കുന്നു.

ബജറ്റ് തത്സമയസംപ്രേഷണം കാണാം:

Latest Videos
Follow Us:
Download App:
  • android
  • ios