ബജറ്റിലെ പുതിയ ഏത് നികുതിയും സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ
കേന്ദ്രസർക്കാർ സാമ്പത്തിക ചെലവ് ഉയർത്താൻ ശ്രമിക്കണം. ഇതിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സഹായമാകൂ എന്നാണ് വർമയുടെയും ഗുപ്തയുടെയും അഭിപ്രായം.
ദില്ലി: കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ ഏത് പുതിയ നികുതി നിർദ്ദേശം അവതരിപ്പിച്ചാലും കൊവിഡിന്റെ തിരിച്ചടി മറികടക്കുന്നതിന് അത് തടസം സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ലോക്ഡൗണിലെ ക്ഷീണത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന വ്യാപാര മേഖലയ്ക്ക് പ്രത്യേക കൊവിഡ് സെസ് കൂടുതൽ വെല്ലുവിളിയാവും ഉയർത്തുകയെന്ന് നോമുറ ഹോൾഡിങ്സിലെ സോനൽ വർമ പറയുന്നു. ബ്ലൂംബെർഗ് ഇക്കണോമിക്സിലെ അഭിഷേക് ഗുപ്തയും ഈ നികുതി നിർദ്ദേശത്തിന് എതിരാണ്.
കേന്ദ്രസർക്കാർ സാമ്പത്തിക ചെലവ് ഉയർത്താൻ ശ്രമിക്കണം. ഇതിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സഹായമാകൂ എന്നാണ് വർമയുടെയും ഗുപ്തയുടെയും അഭിപ്രായം. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി 6.8 ശതമാനമായിരിക്കുമെന്ന് സോനൽ വർമ പറയുന്നു. ധനക്കമ്മി ഏഴ് ശതമാനത്തിനടുത്തായിരിക്കുമെന്നാണ് ഗുപ്ത അഭിപ്രായപ്പെടുന്നത്.
ഫെബ്രുവരി ഒന്നിനാണ് 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് മഹാമാരി മൂലം കനത്ത തിരിച്ചടിയേറ്റിരിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ ഉണർവേകാനുള്ള പദ്ധതികൾ ബിസിനസ് ലോകം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ചെലവ് കൂടുതലായതിനാൽ കേന്ദ്രസർക്കാർ വരുമാനം വർധിപ്പിക്കാനുള്ള നീക്കവും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിലാണ് കൊവിഡ് സെസ് ഏർപ്പെടുത്തിയേക്കുമെന്ന വിവരങ്ങൾ കൂടി പുറത്തുവന്നത്.