കോടതി ഉത്തരവ് അനുസരിച്ചില്ല, ബാബ രാംദേവിന് വീണ്ടും തിരിച്ചടി; പതഞ്ജലി 4 കോടി കെട്ടിവെക്കണം
കർപ്പൂരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് പതഞ്ജലിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലഘിച്ചതായാണ് കണ്ടെത്തിയത്.
മുംബൈ: വ്യാപാരമുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവ് ലംഘിച്ചതിന്, ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് പിഴ ചുമത്തി മുംബൈ ഹൈക്കോടതി. കർപ്പൂരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലഘിച്ചതായാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് 4 കോടി രൂപയാണ് പിഴ ചുമത്തിയത്.
കോടതി ഉത്തരവ് "മനപ്പൂർവ്വവും ആസൂത്രിതവുമായി" തന്നെയാണ് ലംഘിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ആർ ഐ ചഗ്ല അടങ്ങുന്ന സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ വിലക്ക് മറികടന്ന് കർപ്പൂരം ഉൽപന്നങ്ങൾ വിറ്റതിന് പതഞ്ജലിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മംഗളം ഓർഗാനിക്‌സ് ലിമിറ്റഡ് നൽകിയ ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം നാല് കോടി രൂപ കെട്ടിവെക്കാൻ പതഞ്ജലിയോട് ജസ്റ്റിസ് ചഗ്ല നിർദേശിച്ചു. 50 ലക്ഷം രൂപ ഈ മാസം ആദ്യം കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചതിന് പുറമേയാണിത്.
പതഞ്ജലി, തങ്ങളുടെ കർപ്പൂര ഉൽപന്നങ്ങളുടെ ട്രേഡ് മാർക്കുകൾ കോപ്പിയടിച്ചതായി ആരോപിച്ച് മംഗളം ഓർഗാനിക്‌സ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് കർപ്പൂര ഉത്പ്പന്നങ്ങളുടെ വില്പന നിർത്താൻ പതഞ്ജലിയോട് കോടതി നിർദേശിച്ചിരുന്നു. പതഞ്ജലി കർപ്പൂരം ഉൽപന്നങ്ങൾ വിൽക്കുന്നത് തുടരുന്നതിനാൽ ഇടക്കാല ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് മംഗളം ഓർഗാനിക്‌സ് വീണ്ടും ഹർജി നൽകുകയായിരുന്നു.