മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്ത്; ഇടംനേടി ഈ മൂന്ന് ഇന്ത്യൻ വിമാനത്താവളങ്ങൾ
ഇന്ത്യയിൽ നിന്നുള്ള ഈ മൂന്ന് വിമാനത്താവളങ്ങൾ മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടികയിൽ. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബായി ദില്ലി.
ദില്ലി: ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ. ആഗോള യാത്രാ വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒഎജിയുടെ സർവേ പ്രകാരം 2022ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ആണ് ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെട്ടത്. ദില്ലി , മുംബൈ, ബംഗളൂരു എന്നീ രാജ്യാന്തര വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബായും ദില്ലിയെ തെരഞ്ഞെടുത്തു. ജപ്പാനിലെ ഹനേദ വിമാനത്താവളം രണ്ടാം സ്ഥാനത്തും ഉണ്ട്.
Read Also: ഒക്ടോബർ മുതൽ അടിമുടി മാറ്റം; ധനകാര്യ മേഖലയിലെ ഈ മൂന്ന് മാറ്റങ്ങൾ അറിഞ്ഞിരിക്കൂ
സർവേയിൽ 13-ാം സ്ഥാനത്താണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളം. 24-ാം സ്ഥാനത്താണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 45-ാം സ്ഥാനത്താണ്. ഇതിനുമുൻപ് 2019 ൽ നടത്തിയ സർവേയിൽ ദില്ലി അന്താരാഷ്ട്ര വിമാനത്താവളം 35-ാം സ്ഥാനത്തായിരുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 51-ാം സ്ഥാനത്തായിരുന്നു. 90-ാം സ്ഥാനത്തായിരുന്നു ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം.
സർവേ പ്രകാരം ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം യുഎസിലെ ചിക്കാഗോ ഒ'ഹെയർ ഇന്റർനാഷണൽ എയർപോർട്ടാണ്, എയർപോർട്ടിൽ നിന്നുള്ള ഫ്ലൈറ്റ് കണക്ഷനുകളുടെ 46 ശതമാനം വിഹിതം വഹിക്കുന്നത് യുണൈറ്റഡ് എയർലൈൻസാണ്. 2019ൽ മൂന്നാം സ്ഥാനത്തായിരുന്നു ചിക്കാഗോ ഒ'ഹെയർ ഇന്റർനാഷണൽ എയർപോർട്ട്.
അതേസമയം ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള ഫ്ലൈറ്റ് കണക്ഷനുകളുടെ 34 ശതമാനം വിഹിതവും മുംബൈയിൽ നിന്നുള്ള 37 ശതമാനം വിഹിതവും ബെംഗളൂരു വിമാനത്താവളത്തിൽ 54 ശതമാനം വിഹിതവും വഹിക്കുന്നത് ഇൻഡിഗോയാണ്. ഇഡിഗോ തന്നെയാണ് മൂന്ന് വിമാനത്താവളങ്ങളുടെയും പ്രധാന ഫ്ലൈറ്റ്.
ഏറ്റവും തിരക്കേറിയ ദിവസത്തിൽ, ചിക്കാഗോയിലെ ഒ'ഹെയർ ഇന്റർനാഷണൽ എയർപോർട്ടിന് ആറ് മണിക്കൂറിനുള്ളിൽ 43,350 ഫ്ലൈറ്റ് സർവീസുകൾ ഉണ്ടായിരുന്നു. 2022 ഓഗസ്റ്റ് വരെ 66 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഈ എയർപോർട്ടിൽ നിന്നും സർവീസുകൾ നടത്തി.