ബ്രിട്ടീഷ് രാജ കുടുംബത്തിൽ ഓരോരുത്തരുടെയും വരുമാനം എത്രയാണ്? കണക്കുകൾ ഇതാണ്
ആഡംബര സൌകര്യങ്ങളും കൊട്ടാര ജീവിതവും നയിക്കുന്ന രാജകുടുംബത്തിന്റെ വരുമാന മാർഗം എന്തായിരിക്കും..ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള വിഹിതമാണ് രാജകീയ ജീവിതം നയിക്കുന്നതിനുള്ള പ്രധാന വരുമാനം.
ലോകത്തിലെ ഏറ്റവും ശക്തരായ കുടുംബമായാണ് ബ്രിട്ടനിലെ രാജകുടുംബത്തെ കണക്കാക്കുന്നത്. ആഡംബര സൌകര്യങ്ങളും കൊട്ടാര ജീവിതവും നയിക്കുന്ന രാജകുടുംബത്തിന്റെ വരുമാന മാർഗം എന്തായിരിക്കും..ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള വിഹിതമാണ് രാജകീയ ജീവിതം നയിക്കുന്നതിനുള്ള പ്രധാന വരുമാനം. സോവറിൻ ഗ്രാന്റ് എന്നാണ് ഈ തുക അറിയപ്പെടുന്നത്. രാജാവിന്റെയും കുടുംബാംഗങ്ങളുടേയും ഔദ്യോഗിക ജീവിതത്തിനും കൊട്ടാരങ്ങളുടെ പരിപാലനത്തിനും ഈ തുക ഉപയോഗിക്കുന്നു. രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ക്രൗൺ എസ്റ്റേറ്റ് വരുമാനത്തിൽ നിന്നുള്ള ലാഭ വിഹിതവും ലഭിക്കും. ക്രൗൺ എസ്റ്റേറ്റ് സർക്കാർ പരിപാലിക്കുകയും അതിൽ നിന്നുള്ള ലാഭം എടുക്കുകയും രാജാവിന് ഒരു തുക ഗ്രാന്റായി നൽകുകയും ചെയ്യുന്നു. ഇതനുസരിച്ച് 2021-2022, 2022-2023 സാമ്പത്തിക വർഷങ്ങളിൽ ബ്രിട്ടീഷ് സർക്കാർ കുടുംബത്തിന് നൽകിയ സോവറിൻ ഗ്രാന്റ് തുക 113 ദശലക്ഷം യുഎസ് ഡോളറാണ്. അതായത് ആയിരം കോടിയോളം രൂപ .
ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ കൈവശമുള്ള ഒരു സ്വകാര്യ എസ്റ്റേറ്റാണ് ഡച്ചി ഓഫ് ലങ്കാസ്റ്റർ. രാജകുടുംബത്തിന് ഈ തോട്ടത്തിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. ബ്രിട്ടനിലെ ഇപ്പോഴത്തെ രാജാവ് ചാൾസ് മൂന്നാമന്റെ വാർഷിക വരുമാനം 25 മില്യൺ ഡോളറാണ്. അദ്ദേഹത്തിന്റെ സ്വകാര്യ എസ്റ്റേറ്റിൽ നിന്നുള്ള ലാഭമാണ് പ്രധാന വരുമാനം. 750 മില്യൺ ഡോളറാണ് ചാൾസ് രാജാവിന്റെ ആസ്തി. ചാൾസിന്റെ മൂത്ത മകൻ വില്യം രാജകുമാരനും അദ്ദേഹത്തിന്റെ ഭാര്യ കേറ്റ് മിഡിൽടണും 30 മില്യൺ ഡോളർ വാർഷിക വരുമാനം ലഭിക്കുന്നുണ്ട്. എസ്റ്റേറ്റുകളിലെ ലാഭം മാത്രമേ ഇവർക്ക് ലഭിക്കൂ, അവ വിൽക്കുന്നതിന് രാജകുടുംബത്തിന് സാധിക്കില്ല.
ചാൾസ് രാജാവിന്റെ രണ്ടാമത്തെ മകനായ ഹാരി 2020 മുതൽ രാജകുടുംബത്തിന് പുറത്താണ്. അതുവരെ ഡച്ചി ഓഫ് ലങ്കാസ്റ്റർ എസ്റ്റേറ്റിൽ നിന്ന് ഹാരിക്ക് വരുമാനം ലഭിക്കുമായിരുന്നു. നിലവിൽ, ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രാജകുടുംബത്തിൽ നിന്ന് ഒരു ധനസഹായവും ലഭിക്കുന്നില്ല. എലിസബത്ത് രാജ്ഞിയുടെ മകൾ ആനി രാജകുമാരിക്ക് 1971-ലാണ് ആദ്യമായി ഒരു നിശ്ചിത തുക വാർഷിക വരുമാനമായി ലഭിച്ചത്. 21 മില്യൺ ഡോളറാണ് ആനി രാജകുമാരിയുടെ നിലവിലെ പ്രതിഫലം. എലിസബത്ത് രാജ്ഞിയുടെ മറ്റൊരു മകനായ എഡ്വേർഡ് രാജകുമാരന് 1982 മുതൽ അദ്ദേഹത്തിന് ഏകദേശം 8.5 ദശലക്ഷം ഡോളർ വാർഷിക വരുമാനം ലഭിച്ചു വരുന്നു. എലിസബത്തിന്റെ മക്കളിൽ ഒരാളായ ആൻഡ്രൂ 2019ൽ രാജകുടുംബം വിട്ടു. ഇതിന് മുമ്പ് പ്രതിവർഷം 3.27 ലക്ഷം ഡോളറായിരുന്നു പ്രതിഫലം.