തായ്‌ലാന്‍റിലേക്ക് പറക്കാന്‍ ആലോചനയുണ്ടോ? ഇനി അധിക ചെലവ് ഉണ്ട്
ഔദ്യോഗിക അംഗീകാരം ലഭിക്കാത്തതിനാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. നേരത്തെ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും സ്വകാര്യമേഖലയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അവ ഉപേക്ഷിക്കുകയായിരുന്നു.
അവധിക്കാലത്തേക്ക് തായ്‌ലാന്‍റിലേക്ക് പറക്കാന്‍ ആലോചനയുണ്ടോ..? എങ്കിലിതാ നിങ്ങളെ ഒരു അധിക ചെലവ് കാത്തിരിക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തായ്‌ലാൻ്റ് സര്‍ക്കാര്‍. 300 ബാറ്റ് അഥവാ 750 രൂപ ടൂറിസം നികുതിയായി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് രാജ്യത്തിന്‍റെ പുതിയ ടൂറിസം മന്ത്രി സൊറവോംഗ് തിയെന്‍തോംഗ് പറഞ്ഞു. 2022-ല്‍ തായ് കാബിനറ്റ് അംഗീകരിച്ച ടൂറിസം ഫീസ്, ഔദ്യോഗിക അംഗീകാരം ലഭിക്കാത്തതിനാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. നേരത്തെ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും സ്വകാര്യമേഖലയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അവ ഉപേക്ഷിക്കുകയായിരുന്നു. ഈ നികുതി ശേഖരണം ടൂറിസം വ്യവസായത്തിന് ഗുണം ചെയ്യുമെന്നും അടിസ്ഥാന സൗകര്യങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടേയും വികസനത്തിനും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ തുക ഉപയോഗിക്കാനാകുമെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.
വിമാന യാത്രക്കാര്‍ക്ക് ഏകദേശം 750 രൂപയും കരയിലൂടെയോ കടലിലൂടെയോ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏകദേശം 380 രൂപയുമായിരിക്കും നികുതി. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍, നയതന്ത്ര പാസ്പോര്‍ട്ട് ഉടമകള്‍, വര്‍ക്ക് പെര്‍മിറ്റുള്ള വ്യക്തികള്‍ എന്നിവരെ നികുതിയില്‍ നിന്ന് ഒഴിവാക്കും.
ആഗോള സഞ്ചാരികളുടെ പ്രിയ ഇടങ്ങളായ എഡിന്‍ബര്‍ഗ്, ബാഴ്സലോണ, പാരീസ്, വെനീസ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ജനപ്രിയ നഗരങ്ങളെല്ലാം സമാനമായ നികുതി ചുമത്തുന്നുണ്ട്. സ്ഥലവും താമസത്തിന്‍റെ തരവും അനുസരിച്ച് നിരക്കുകളും വ്യവസ്ഥകളും വ്യത്യാസമുണ്ടായിരിക്കും. ഉദാഹരണത്തിന് ഓസ്ട്രിയയില്‍ ഒരു രാത്രി താമസത്തിന് നികുതി ഉണ്ട്, അത് പ്രവിശ്യയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും . ബെല്‍ജിയത്തിനും ടൂറിസം നികുതിയുണ്ട്, നഗരത്തെയും ഹോട്ടലിന്‍റെ വലുപ്പത്തെയും റേറ്റിംഗിനെയും ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുന്നു. . ഭൂട്ടാന്‍ സന്ദര്‍ശകരില്‍ നിന്ന് ദിവസേന ഫീസ് ഈടാക്കുന്നുണ്ട്. 2024-ലെ കണക്കനുസരിച്ച്, വിനോദസഞ്ചാരികള്‍ പ്രതിദിനം ഏകദേശം 8,395 രൂപ ഈ ഇനത്തില്‍ നല്‍കണം, ഈ ഫീസിന് 2027 വരെ പ്രാബല്യമുണ്ട്. ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തി സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തുകയാണ് ഇത് വഴി ഭൂട്ടാന്‍റെ ലക്ഷ്യം.