ഡോളറും രൂപയും ഉപയോഗിക്കരുത്; താലിബാന്റെ പുതിയ നിരോധന ഉത്തരവ്; ദുരിതം ജനത്തിന്
രാജ്യത്ത് ജനം ദൈനംദിന ആവശ്യങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഡോളറും, പാക്കിസ്ഥാൻ രൂപയുമടക്കമുള്ള വിദേശ കറൻസികളുടെ ഉപയോഗം താലിബാൻ നിരോധിച്ചു
കാബൂൾ: പണമില്ല, പട്ടിണിയും ദാരിദ്ര്യവും അഫ്ഗാനിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. അഫ്‌ഗാനിലെ മിലിട്ടറി ആശുപത്രിയിൽ രണ്ട് സ്ഫോടനങ്ങളും വെടിവെപ്പുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു. 25 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. ഈ അക്രമ സംഭവത്തിന് പിന്നാലെ ജനത്തിന്റെ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാൻ.
സ്വന്തം രാജ്യത്തെ കറൻസി തന്നെ ഉപയോഗിക്കാനാണ് അഫ്ഗാനിലെ ജനങ്ങളോട് താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുന്നതിനും സാമ്പത്തിക തകർച്ചയിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിനുമാണ് ഈ ഉത്തരവെന്നാണ് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാരിന്റെ വിശദീകരണം. ജനങ്ങൾ പണമില്ലാതെ നട്ടംതിരിയാൻ തുടങ്ങുമ്പോഴാണ്, അവരുടെ പക്കലുള്ള ഡോളറും പാക്കിസ്ഥാൻ രൂപയും അടക്കമുള്ള വിദേശ കറൻസികൾ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരിക്കുന്നത്.
കടുത്ത പ്രതിസന്ധി ജനങ്ങളുടെ കൂട്ടപ്പലായനത്തിലേക്കും പട്ടിണി മരണങ്ങളിലേക്കും നയിക്കുമെന്നാണ് കരുതപ്പെടുന്നത്. താലിബാൻ അന്താരാഷ്ട്ര തലത്തിൽ പണത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫ്രീസായി കിടക്കുന്ന അഫ്ഗാൻ സെൻട്രൽ ബാങ്കിന്റേതായ റിസർവ് ഫണ്ടുകൾ തിരികെ വേണമെന്നാണ് ആവശ്യം.
യൂറോപ്പിലും അമേരിക്കയിലെ ഫെഡറൽ റിസർവിലുമാണ് അഫ്ഗാന്റെ പണം കിടക്കുന്നത്. എന്നാൽ താലിബാൻ ഭരണം പിടിച്ചതോടെ ഈ പണത്തിന്റെ ക്രയവിക്രയം മരവിപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ മനുഷ്യർ പട്ടിണിക്കിരയായി മരിക്കുന്നത് കാണാൻ വിദേശശക്തികൾക്ക് ആഗ്രഹമില്ലെങ്കിലും താലിബാനെ അംഗീകരിക്കാനാവാത്തതാണ് പ്രധാന പ്രശ്നം.