സ്വിസ് ബാങ്ക് നിക്ഷേപ വിവാദം: പുറത്തുവന്നത് ഔദ്യോഗിക കണക്കുകൾ, കള്ളപ്പണമല്ലെന്ന് ധനമന്ത്രാലയം
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെതായുള്ള 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ഇപ്പോഴത്തേതെന്നായിരുന്നു വാർത്ത ഏജൻസിയായ പിടിഐയുടെ റിപ്പോര്‍ട്ട്.
ദില്ലി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 2020 ല്‍ ഇരുപതിനായിരം കോടി കടന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി ധനമന്ത്രാലയം. സ്വിസ് ബാങ്കുകൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണെന്നും ഇത് കള്ളപ്പണമല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെതായുള്ള 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ഇപ്പോഴത്തേതെന്നായിരുന്നു വാർത്ത ഏജൻസിയായ പിടിഐയുടെ റിപ്പോര്‍ട്ട്.
സ്വിസ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വൻ വർധന വ്യക്തമാകുന്നത്. 2019 ല്‍ ഇന്ത്യക്കാരുടെതായി സ്വിസ് ബാങ്കില്‍ ഉണ്ടായിരുന്നത് 6,625 കോടി രൂപയായിരുന്നു. എന്നാല്‍ 2020 ആയപ്പോഴേക്കും 20,700 കോടിയായി അത് കുതിച്ചുയര്‍ന്നു. പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണുണ്ടായത്. എന്നാല്‍, ഇത് കളളപ്പണമല്ലെന്നാണ് ധനമന്ത്രാലയം വിശദീകരിക്കുന്നത്.
സ്വിസ് ബാങ്ക് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണ് ഇത്. ആരോപണമുയർന്നത് പോലെ ഈ നിക്ഷേപത്തെ കളളപ്പണമെന്ന് വിളിക്കാനാകില്ല. മറ്റ് രാജ്യങ്ങളിലെ ഇന്ത്യൻ വംശജരോ പ്രവാസികളോ സ്വിസ് ബാങ്കില്‍ നടത്തുന്ന നിക്ഷേപം ഇതിലില്ലാത്ത് കള്ളപ്പണ നിക്ഷപം അല്ല എന്ന വാദത്തിന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. പിടിഐയുടെ റിപ്പോർട്ടിന് പിന്നാലെ വലിയ തോതിൽ വിവാദം ഉയർന്നിരുന്നു.
സ്വിസ് ബാങ്കിനോട് കൂടുതല്‍ വിവരങ്ങള്‍ ആരായുമെന്നും സർക്കാര്‍ അറിയിച്ചിട്ടുണ്ട്. 2006 ല്‍ 52,500 കോടി ആയിരുന്നു സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം. എന്നാല്‍ പിന്നീട് അത് കുറഞ്ഞു വരികയായിരുന്നു. ഇപ്പോൾ കൊവിഡ് കാലത്തെ ഈ വർദ്ധനയാണ് സംശയത്തിനിട നൽകിയത്. ബോണ്ട്, ഓഹരി എന്നിവയിലാണ് 2020 ല്‍ കൂടുതല്‍ നിക്ഷേപം നടന്നിട്ടുളളത്. 2043 കോടി ആയിരുന്ന ഈ നിക്ഷേപം 13,500 കോടിയായി ഉയർന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള കരാർ അനുസരിച്ച് സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെ വിവരം കൈമാറിയിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ അത് പുറത്തുവിട്ടിട്ടില്ല. വിശാദാംശങ്ങള്‍ പുറത്തുവിടുന്നത് കരാര്‍ ലംഘനമാകുമെന്നാണ് സർക്കാര്‍ വാദം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona