സ്വിഗ്ഗിയിലൂടെ കൊച്ചിക്കാർ ഏറ്റവും കൂടുതൽ വാങ്ങിയത് ചിക്കൻ ബിരിയാണി; ചോക്കോ ലാവ കേക്കുകളും 2024- ൽ ട്രെൻഡായി
കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്നാണെങ്കിൽ അത് ചിക്കന്‍ ബിരിയാണി തന്നെയാണ്. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്
എല്ലാ വർഷവും ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കൊച്ചിയിലെ കണക്കുകൾ നോക്കുമ്പോൾ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും 2024ല്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടായിട്ടുണ്ട്.
ഇനി കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്നാണെങ്കിൽ അത് ചിക്കന്‍ ബിരിയാണി തന്നെയാണ്. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവര്‍മയാണ് സ്വിഗ്ഗി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓര്‍ഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചോക്ലേറ്റ് ക്രീം കേക്ക് തൊട്ട് പിറകില്‍ തന്നെയുണ്ട്.
അതേസമയം ബ്രെക്ക്ഫാസ്റ്റിന് പ്രിയങ്കരം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024ല്‍ ഓര്‍ഡര്‍ ചെയ്യ്തത്. കടലക്കറിയും പൂരിയും ഇഡ്ഡലിയും കൊച്ചിക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗീ മൈസൂര്‍ പാക്കും, ചോക്കാ ലാവ കേക്കിനും മില്‍ക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദീപാവലിക്കാലത്താണ് മധുരത്തോടുള്ള പ്രിയം പ്രകടമാകുന്നത്. വൈറ്റ് മില്‍ക്ക് ചോക്ലേറ്റ് കേക്കും സിനമണ്‍ റോളും പാലട പായസവും കൊച്ചിക്കാരുടെ ആഘോഷ വേളകളെ ആനന്ദകരമാക്കുന്നു. 31 ലക്ഷം ഡിന്നര്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം സ്വിഗ്ഗിക്ക് ലഭിച്ചത്. 17,622 രൂപ ചെലവിട്ട് 18 സ്പൈസി ചിക്കന്‍ മന്തി ഓര്‍ഡര്‍ ചെയ്യ്ത ഒരു ഉപഭോക്താവാണ് ഏറ്റവും ഉയര്‍ന്ന തുകക്കുള്ള ഓര്‍ഡര്‍ നല്‍കിയത്.
സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിൻ്റെ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. 2024 ൽ കൊച്ചിയിലുള്ള ഒരു ഉപഭോക്താവ് 4000 പാക്കറ്റ് ചിപ്‌സ്ആണ് ഓർഡർ ചെയ്തത്. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് കൊച്ചിയെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വിശേഷിപ്പിക്കുന്നത്.