ബിസിനസ്സ് അല്ല, ഇപ്പോൾ ഇത് പാഷൻ'; വിജയത്തെ സഞ്ചിയിലാക്കിയ ദമ്പതികൾ
പണ്ട് സഞ്ചി മാത്രമായിരുന്നെങ്കിൽ ഇന്ന് സഞ്ചി ബാഗ്‌സിൽ എത്തിയാൽ സഞ്ചി മാത്രമല്ല ലഭിക്കുക. മുളയിൽ തീർത്ത പേനയും ബ്രഷും തുടങ്ങി ബെഡ്ഷീറ്റും വസ്ത്രങ്ങളും വരെ ഇവിടെയുണ്ട്.
ഐഐഎഫ്കെ വേദികൾക്ക് സമീപം സഞ്ചി ബാഗ് വിറ്റ ചെറുപ്പക്കാരൻ വിജയത്തെ സഞ്ചിയിലാക്കിയത് കഠിനാധ്വാനംകൊണ്ട് തന്നെയാണ്. തിരുവനന്തപുരത്തെ സഞ്ചി ബഗ്സിൽ ഇന്ന് നിരവധി പേർ തൊഴിലെടുക്കുന്നു. സഞ്ചികച്ചോടം എന്ന് പരിഹസിച്ചവർക്കിടയിൽ ഇന്ന് വിജയത്തിന്റെ തലയെടുപ്പോടെയാണ് സഞ്ചി ബാഗ്‌സ് നിലകൊള്ളുന്നത്. തങ്ങളുടെ ഭാവി പദ്ധതികൾ എന്തെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിനോട് പങ്കുവെക്കുകയാണ് സഫീര് അമീറും ഭാര്യ ആതിരയും.
ഇക്കോ ഫ്രണ്ട്‌ലി ആൻഡ് ഇക്കണോമിക് ഫ്രണ്ട്‌ലി ആണ് സഞ്ചിയിലെ ഓരോ ഉത്പന്നവും എന്ന് സഫീർ വ്യക്തമാക്കുന്നു. പണ്ട് സഞ്ചി മാത്രമായിരുന്നെങ്കിൽ ഇന്ന് സഞ്ചി ബാഗ്‌സിൽ എത്തിയാൽ സഞ്ചി മാത്രമല്ല ലഭിക്കുക. മുളയിൽ തീർത്ത പേനയും ബ്രഷും തുടങ്ങി ബെഡ്ഷീറ്റും വസ്ത്രങ്ങളും വരെ ഇവിടെയുണ്ട്. റീടൈൽ കാര്യങ്ങൾ എല്ലാം ഭാര്യ ആതിരയാണ് കൈകാര്യം ചെയ്യുന്നതെന്നും സഫീർ പറയുന്നു.
ALSO READ: നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ
പിഎസ്സി പരീക്ഷകൾ എഴുതി കൊണ്ടിരിക്കുന്ന സമയത്താണ് സഞ്ചിയിൽ ഒരു കൈ നോക്കാമെന്ന് വിചാരിച്ചതെന്ന് ആതിര പറയുന്നു. എന്നാൽ ഒരു തവണ കയറിയതിൽ പിന്നെ ഇപ്പോൾ സഞ്ചിയിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ആതിര പറയുന്നു. ഇപ്പോൾ ഇത് രണ്ടുപേർക്കും ബിസിനസ്സ് അല്ല പാഷൻ തന്നെയാണെന്നും ഇരുവരും ഒരേ സ്വരത്തിലാണ് പറയുന്നത്.
ബിസിനസ് ആണെന്നും സഞ്ചി കച്ചവടമാണെന്നും പറഞ്ഞപ്പോൾ സഫീറിന് വിവാഹ ആലോചനകൾ എല്ലാം മുടങ്ങി പോയിരുന്നു. ഒടുവിൽ ആതിരയുമായുള്ള വിവാഹത്തിലാണ് അത് എത്തി നിന്നത്. സഞ്ചിയിലേക്ക് ഭാര്യയെ കൂടി പിടിച്ചുകയറ്റി സഫീർ. തുടർന്ന് സംഭവിച്ചത് ചരിത്രമാണ്. ഇന്ന് മികച്ച സംരംഭകയ്ക്കുള്ള യുവജന ക്ഷേമ വകുപ്പിന്റെ അവാർഡ് ആതിരയുടെ കൈകളിൽ ഭദ്രമാണ്.
പരാജയത്തെ ചവിട്ടുപടിയാക്കി വിജയത്തെ സഞ്ചിയിലാക്കിയ കഥ; നവ സംരംഭകർക്കുള്ള മാതൃക, വീഡിയോ കാണാം