നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ

പ്രിസർവേറ്റീവ് ധാരാളം ചേർക്കുന്ന മറ്റ് ഉത്പന്നങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി സ്വന്തം വീട്ടുമുറ്റത്തുള്ള തേങ്ങയിൽ നിന്നുമുണ്ടാകുന്ന ഉത്പന്നങ്ങളെ മുഖം ചുളിച്ചാണ് നോക്കുന്നത്

success story of Green Aura a Thrissur-based startup that produces coconut milk APK

നാളികേരത്തിന്റെ നാട്ടിൽ നിന്നും ഒരു സംരംഭം ആരംഭിക്കുമ്പോൾ സുമില ജയരാജന് ചിന്തിക്കാൻ നാളികേരമല്ലാതെ മറ്റ് ഓപ്‌ഷൻ ഇല്ലായിരുന്നു. രാജ്യാന്തരവിപണിയിൽ നാളികേരോൽപന്നങ്ങൾക്കുളള സ്വീകാര്യത അവർ അതിനകം മനസിലാക്കി കഴിഞ്ഞിരുന്നു എന്നത് തന്നെയാണ് കാരണം. ഇന്ന് തന്റെ ‘ഗ്രീൻ ഓറ’ എന്ന സംരംഭത്തിലൂടെ  നാളികേരംകൊണ്ടുള്ള ഉത്പന്നങ്ങൾ വിറ്റ് നൂറു മേനി വിജയം കൊയ്തിരിക്കുകയാണ് ഈ സംരംഭക. വീടിനോടു ചേർന്നുള്ള ചായ്‌പിൽ തുടങ്ങിയ സംരംഭത്തിൽ നിന്നും ഇന്ന് കാണുന്ന ഫാക്ടറിയായ കഥ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെയ്ക്കുകയാണ് സുമില ജയരാജ്

ALSO READ: സ്റ്റാർട്ടപ്പ് തുടങ്ങുന്നവർ ശ്രദ്ധിക്കുക; ബിസിനസ്സ് രജിസ്ട്രേഷൻ 'ബാലികേറാമലയല്ല'

തൃശൂർ ചാവക്കാട് സ്വദേശിനിയായ സുമില സംരംഭത്തിലേക്ക് കാലെടുത്ത് വെക്കുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുമില കുറച്ചു കാലം നാളികേര ഉൽപന്ന നിർമാണ കേന്ദ്രത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്നു. ഇതായിരുന്നു സുമിലയുടെ ജീവിതം മാറ്റി മറിച്ചത്. സ്വന്തമായൊരു നിർമ്മാണ യൂണിറ്റെന്ന സ്വപ്നം അവിടെ നിന്നുമാണ് ഉരുത്തിരിഞ്ഞത്. തുടർന്ന് വീടിന്റെ ചായ്പ്പിനോട് ചേർന്നൊരു നിർമ്മാണ യൂണിറ്റ് തുടങ്ങി. വെറും മൂന്ന് സ്റ്റാഫുകളായിരുന്നു അന്നുണ്ടായിരുന്നതെന്ന് സുമില ഓർക്കുന്നു. 

success story of Green Aura a Thrissur-based startup that produces coconut milk APK

തേങ്ങാ പാൽ, വെർജിൻ കോക്കനട്ട് ഓയിൽ, വെളിച്ചെണ്ണ, വിനീഗർ, തേങ്ങ ചട്നി.  തുടങ്ങി എട്ട് ഉത്പന്നങ്ങളാണ് ഇന്ന് ഗ്രീൻ ഓറ എന്ന കമ്പനിയിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. ഗ്രീൻ നട്സ് എന്ന പേരിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നത്. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ നൽകിയതോടെ ഉത്പന്നങ്ങൾ തേടി ആളുകളെത്തുകയായിരുന്നു. വിപണി വളർന്നതോടെ വീടിനോട് ചേർന്നുള്ള യൂണിറ്റിൽ നിന്നും ഏങ്ങണ്ടിയൂർ എന്ന തീരദേശ ഗ്രാമത്തിൽ 16 സെന്റ് ഭൂമി വാങ്ങി 2021 ൽ  ഫാക്ടറി നിർമ്മിച്ചു.  

നിരവധി വെല്ലുവിളികളാണ് സംരംഭം തുടങ്ങുമ്പോൾ നേരിട്ടതെന്ന് സുമില പറയുന്നു. സംരംഭകർക്കായി കേന്ദ്ര സംസ്ഥാന സർക്കാരിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമ്പകൾ കടക്കാൻ ബുദ്ധിമുട്ടിയെന്ന് സുമില വ്യക്തമാക്കുന്നു. പ്രതിസന്ധികൾ എല്ലാം നേരിട്ട് വിജയത്തിലേക്ക് നടന്നുകയറിയപ്പോൾ മികച്ച സംരംഭകയ്ക്കടക്കമുള്ള നിരവധി അവാർഡുകൾ ഗ്രീൻ ഓറയ്ക്ക് വേണ്ടി സുമില നേടിയെടുത്തു. 

success story of Green Aura a Thrissur-based startup that produces coconut milk APK

ഏഷ്യയിൽതന്നെ ഏറ്റവും ഗുണമേന്മയുള്ള നാളികേരം വിളയുന്നത് കേരളത്തിലെ തീരദേശ മേഖലയിലാണെന്ന് സുമില ജയരാജ് പറയുന്നു. രാജ്യാന്തര വിപണിയിൽ മികച്ച പരിഗണനയുണ്ടെങ്കിലും നാളികേരോൽപന്നങ്ങൾക്ക് ആഭ്യന്തര വിപണികളില്‍ ആ പരിഗണന താരതമ്യേന കുറവാണെന്ന് സുമില പറയുന്നു. തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഗുണമേന്മയെ കുറിച്ച്  അവബോധം ഉണ്ടാക്കണം. ഏറ്റവും മികച്ച തേങ്ങാ പാലിന്റെ ഗുണങ്ങൾ പോലും നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകൾക്കും അറിയില്ല. പ്രിസർവേറ്റീവ് ധാരാളം ചേർക്കുന്ന മറ്റ് ഉത്പന്നങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി സ്വന്തം വീട്ടുമുറ്റത്തുള്ള തേങ്ങയിൽ നിന്നുമുണ്ടാകുന്ന ഉത്പന്നങ്ങളെ മുഖം ചുളിച്ചാണ് നോക്കുന്നതെന്ന് സുമില വ്യക്തമാക്കുന്നു. 

മറ്റ് രാജ്യങ്ങളിൽ നിന്നും രാജ്യാന്തരവിപണിയിലെത്തുന്ന തേങ്ങാപ്പാലിനെക്കാൾ മികച്ച ഗുണമേന്മയുള്ളതാണ് ഗ്രീൻ നട്സിന്റെ തേങ്ങാ പാലിനെന്ന് സുമില വ്യക്തമാക്കുന്നു. ഡബിൾ പാസ്ചുറൈസ് ചെയ്താണ് ഇവ വിപണിയിൽ എത്തിക്കുന്നത്. ഓൺലൈൻ വിപണിയിലും ഇന്ന് ഗ്രീൻ നട്സിന്റെ ഉത്പന്നങ്ങൾ ലഭ്യമാണ്. ഉത്തരേന്ത്യയാണ് മറ്റൊരു പ്രധാന വിപണിഎന്നും സുമില പറയുന്നു. 


സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios