കടം കയറി നട്ടംതിരിഞ്ഞ് ലങ്ക; കടലാസ് വാങ്ങാൻ പണമില്ലാതെ സ്കൂൾ പരീക്ഷകളും റദ്ദാക്കി

സ്കൂൾ അധികൃതർ സ്വന്തംനിലയ്ക്ക് പരീക്ഷ നടത്തരുതെന്നും നിർദേശമുണ്ട്. ഇത് രാജ്യത്തെ 45 ലക്ഷം വരുന്ന വിദ്യാർഥികളെ ദോഷകരമായി ബാധിക്കും

Sri Lanka cancels school exams over paper shortage as financial crisis bites

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. 1948 സ്വാതന്ത്ര്യം ലഭിച്ച ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇപ്പോഴിതാ കടലാസ് വാങ്ങാൻ പണമില്ലാത്തതുകൊണ്ട് സ്കൂളുകളിൽ നടത്തേണ്ട പരീക്ഷ പോലും നടത്താൻ കഴിയാതെ ഇരിക്കുകയാണ് രാജ്യം.

കടലാസിന് വാങ്ങിക്കാൻ പണമില്ലാത്തതിനാൽ നാളെ മുതൽ ആരംഭിക്കാനിരുന്ന സ്കൂൾ പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ കടലാസ് ഇറക്കുമതി ചെയ്യാൻ പോലും സാധിക്കുന്നില്ല.

സ്കൂൾ അധികൃതർ സ്വന്തംനിലയ്ക്ക് പരീക്ഷ നടത്തരുതെന്നും നിർദേശമുണ്ട്. ഇത് രാജ്യത്തെ 45 ലക്ഷം വരുന്ന വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. വിദ്യാർത്ഥികളുടെ നിരന്തര മൂല്യനിർണയം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ ഉയർന്ന ക്ലാസ്സുകളിലേക്കുള്ള സ്ഥാനക്കയറ്റവും ആശങ്കയിലാണ്.

വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫിൽ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം. ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ബായ രാജപക്സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് 9.6 ബില്യൺ ഡോളർ വായ്പ തിരിച്ചടവ് ഈ വർഷം നടത്താനുണ്ട്. എന്നാൽ 2.3 ബില്യൺ ഡോളറിന്റെ വിദേശനാണ്യശേഖരം മാത്രമാണ് രാജ്യത്തിന്റെ പക്കലുള്ളത്. തങ്ങൾ നൽകാനുള്ള പണം തിരിച്ചു തരാൻ ചൈനയോട് ശ്രീലങ്ക സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ബീജിങ്ങിൽ നിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios