സോവറിന്‍ ഗോള്‍ഡ് ബോണ്ട്; സ്വര്‍ണ്ണ നിക്ഷേപത്തിന് ബെസ്റ്റ് ഓപ്ഷന്‍

ഹ്രസ്വകാല നിക്ഷേപത്തിന് താത്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ഗോള്‍ഡ് ഇടിഎഫുകള്‍, നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വര്‍ണ നിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്

Sovereign gold bonds apk


ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍ എന്നിവയ്ക്ക് ലഭിച്ചിരുന്ന നികുതി ആനുകൂല്യം സര്‍ക്കാര്‍ പിന്‍വലിക്കുന്നതോടെ ഇത്തരം നിക്ഷേപങ്ങളുടെ തിളക്കം കുറയുകയും, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) കൂടുതല്‍ ആകര്‍ഷണീയമാവുകയും ചെയ്യും. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വെച്ച ഡെബ്റ്റ് നിക്ഷേപങ്ങള്‍ക്ക് 20 ശതമാനം നികുതിയോടൊപ്പമുള്ള ഇന്‍ഡക്‌സേഷന്‍ ആണ് ഒഴിവാക്കുന്നത്. എ്ന്നാല്‍ ഭൗതിക സ്വര്‍ണ്ണത്തിനും, എസ്ജിബി യ്ക്കും ഇത് ഗുണകരമാകും.

ഗോള്‍ഡ് ഇടിഫ്- 

അധിക ചാര്‍ജില്ലാതിരുന്നതിനാലും, ബുദ്ധിമുട്ടില്ലാത്ത നിക്ഷേപമായതിനാലും, നികുതി ഇളവുകള്‍ ലഭിച്ചിരുന്നതിനാലും പൊതുവെ സ്വര്‍ണ്ണനിക്ഷേപത്തിന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്ന നിക്ഷേപങ്ങളിലൊന്നാണിത്. ഈ ഓപ്പണ്‍-എന്‍ഡ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കുന്നതിന്, നിക്ഷേപകര്‍ക്ക് ഒരു ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ആവശ്യമാണ്. ഹ്രസ്വകാല നിക്ഷേപത്തിന് താത്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ഗോള്‍ഡ് ഇടിഎഫുകള്‍. മാത്രമല്ല നിക്ഷേപം ഏറ്റവും എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും ഇടിഎഫ് അനുയോജ്യമാണ്. മൂന്ന് വര്‍ത്തിലേറെയായി കൈവശം വച്ചിരിക്കുന്ന ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളുടെ ഇന്‍ഡക്‌സേഷന് ശേഷം ദീര്‍ഘകാല മൂലധന നേട്ട നികുതിയായി 20 ശതമാനമാണ് നിലവില്‍ ഈടാക്കുന്നത്.

2023 ഏപ്രില്‍ 1-ന് ശേഷമുള്ള നിക്ഷേപത്തിന് നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.ഏപ്രില്‍ 1 മുതല്‍, ഗോള്‍ഡ് ഇടിഎഫ് യൂണിറ്റുകള്‍ വീണ്ടെടുക്കുന്ന സമയത്തെ നേട്ടങ്ങള്‍ക്ക് കൈവശം വച്ചിരിക്കുന്ന കാലയളവ് പരിഗണിക്കാതെ വ്യക്തിയുടെ സ്ലാബ് നിരക്കില്‍ നികുതി ചുമത്തും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം ഉണ്ടാകില്ല. നികുതി ആനുകൂല്യങ്ങള്‍ കുറയുന്നതോടെ പുതിയ നിക്ഷേപകരും മാറിച്ചിന്തിക്കും. എന്നാല്‍ ഭൗതിക സ്വര്‍ണം, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, എന്നിവയ്ക്ക് ഇന്‍ഡെക്സേഷന്‍ ആനുകൂല്യമുണ്ട്.

മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍ക്കുന്ന ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് 24 കാരറ്റ് ഫിസിക്കല്‍ ഗോള്‍ഡ് പിന്തുണയുണ്ട്, നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഭൗതിക സ്വര്‍ണ്ണത്തിന്റെ നിലവിലുള്ള വിപണി വിലയില്‍ അവ എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടും.

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കുന്ന ജനപ്രിയനിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.   ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്. 8 വര്‍ഷമാണ് സോവറിന്‍ ബോണ്ടുകളുടെ കാലാവധി.അഞ്ചാം വര്‍ഷം മുതല്‍ എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് നിക്്‌ഷേപങ്ങള്‍ പിന്‍വലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വര്‍ണ നിക്ഷേപമാണിത്. 2.50 ശതമാനമാണ് വാര്‍ഷിക പലിശ.മാത്രമല്ല നിക്ഷേപകന് സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75% വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാം.ഭൗതിക സ്വര്‍ണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വര്‍ണം വാങ്ങാവുന്ന രീതിയാണിത്.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കോ ഗോള്‍ഡ് ഇടിഎഫുകള്‍ക്കോ പകരം നിലവില്‍ എസ്ജിബികളില്‍ നിക്ഷേപിക്കുന്നത് നികുതി നേട്ടത്തിനുള്ള  മികച്ച ഓപ്ഷനായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .

Latest Videos
Follow Us:
Download App:
  • android
  • ios