വിവാഹം വിദേശത്ത് നടത്തേണ്ടതുണ്ടോ? ഇന്ത്യയിൽ നടത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി, കാരണം...

വിവാഹ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി

some families going abroad to conduct wedding is this necessary Prime Minister Narendra Modi asks

ദില്ലി: വിവാഹങ്ങള്‍ വിദേശത്തുവെച്ച് നടത്തേണ്ടതുണ്ടോ, ഇന്ത്യയില്‍ തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം ഇവിടെ നിന്ന് പോകാതിരിക്കാൻ അത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. വിവാഹ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഇന്ത്യയില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് ചില വ്യാപാര സംഘടനകൾ കണക്കാക്കുന്നു. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, എല്ലാവരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നല്‍കണം എന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്. 

"അതെ വിവാഹ കാര്യത്തില്‍ ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു. എന്റെ ഹൃദയ വേദന എന്റെ കുടുംബാംഗങ്ങളോട് അല്ലാതെ മറ്റാരോട് പങ്കുവെയ്ക്കും? ഒന്ന് ആലോചിച്ചു നോക്കൂ ഈ ദിവസങ്ങളിൽ ചില കുടുംബങ്ങൾ വിദേശത്ത് പോയി കല്യാണം നടത്തുന്ന പ്രവണത കാണുന്നു. ഇത് ആവശ്യമാണോ?"- പ്രധാനമന്ത്രി ചോദിച്ചു.

വിവാഹങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതിലൂടെ ഈ രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'വോക്കൽ ഫോർ ലോക്കൽ' എന്ന ദൗത്യം ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിയുമോ? എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്തരം വിവാഹ ചടങ്ങുകൾ നടത്തിക്കൂടാ? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്നില്ലായിരിക്കാം. പക്ഷേ നമ്മൾ അത്തരം പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ, സംവിധാനങ്ങളും വികസിക്കും. ഇത് കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. തന്‍റെ ഈ വേദന തീർച്ചയായും വലിയ കുടുംബങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാഷ്ട്രനിർമാണത്തിന്റെ ചുമതല ജനങ്ങൾ ഏറ്റെടുക്കുമ്പോൾ ലോകത്തെ ഒരു ശക്തിക്കും ആ രാജ്യത്തെ മുന്നേറ്റത്തില്‍ നിന്ന് തടയാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉത്സവ സീസണിൽ കണ്ടത്. കഴിഞ്ഞ മാസം മൻ കി ബാത്തിൽ 'വോക്കൽ ഫോർ ലോക്കൽ' എന്ന ആശയത്തിന് അതായത് പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. ദീപാവലി സീസണില്‍  4 ലക്ഷം കോടിയുടെ ബിസിനസ് നടന്നു. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോൾ നമ്മുടെ കുട്ടികൾ പോലും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അതിൽ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു. 'വോക്കൽ ഫോർ ലോക്കലിന്റെ' വിജയം 'വികസിത ഇന്ത്യ- സമൃദ്ധിയുടെ ഇന്ത്യ'യിലേക്കുള്ള വാതിലുകൾ തുറക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആളുകൾ ഇപ്പോൾ കൂടുതലായി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നു. ഇതും പ്രോത്സാഹജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios