അനിൽ അംബാനിക്ക് തിരിച്ചടി; റിലയൻസ് പവറിന് ലേലം വിളിയിൽ നിന്നും വിലക്ക്

വ്യാജ ബാങ്ക് ഗ്യാരൻ്റി സമർപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മൂന്ന് വർഷത്തേക്കാണ് വിലക്ക്. 

SECI Bars Anil Ambani's Reliance Power For Three Years

ദില്ലി: അനിൽ അംബാനിയുടെ റിലയൻസ് പവർ ലിമിറ്റഡിനെയും അതിൻ്റെ അനുബന്ധ കമ്പനികളെയും ടെൻഡറുകളിൽ ലേലം വിളിക്കുന്നതിൽ നിന്ന് വിലക്കി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. വ്യാജ ബാങ്ക് ഗ്യാരൻ്റി സമർപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മൂന്ന് വർഷത്തേക്കാണ് വിലക്ക്. 

1 ജിഗാവാട്ട് സോളാർ പവറിനും 2 ഗിഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിനുമുള്ള ടെൻഡർ നടക്കുന്നതിന്റെ ഭാഗമായി  ജൂണിൽ എസ്ഇസിഐ ബിഡ്ഡുകൾ ക്ഷണിച്ചു. റിലയൻസ് പവറിൻ്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എൻ യു ബിഇഎസ്എസ് ലിമിറ്റഡ് സമർപ്പിച്ച ബിഡിലെ പൊരുത്തക്കേടുകൾ കാരണം ഇത് റദ്ദാക്കി. എന്നാൽ, കമ്പനി പിന്നീട് ഒരു വിദേശ ബാങ്ക് ഗ്യാരൻ്റി സമർപ്പിച്ചു, അതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മെയിലും അയച്ചു. എന്നാൽ, എസ്‌ബിഐ ഒരിക്കലും അത്തരത്തിലുള്ള പിന്തുണ നൽകിയിട്ടില്ലെന്നും വ്യാജ ഇമെയിൽ വിലാസത്തിൽ നിന്നാണ് ഇമെയിൽ അയച്ചതെന്നും വിഷയത്തിൽ എസ്ഇസിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജ ബാങ്ക് ഗ്യാരൻ്റി നൽകിയതിന് മൂന്നാം കക്ഷിയായ ഏജൻസിയെ ആണ് റിലയൻസ് കുറ്റപ്പെടുത്തിയത്. എന്നാൽ എസ്ഇസിഐയുടെ അന്വേഷണത്തിൽ ഒരു മൂന്നാം കക്ഷിയെയും പരാമർശിച്ചിട്ടില്ല. ഇതോടെ റിലയൻസ് പവർ, റിലയൻസ് എൻ യു ബിഇഎസ്എസ് ലിമിറ്റഡ് എന്നിവയ്ക്കെതിരെ നടപടി എടുക്കാൻ എസ്ഇസിഐ തീരുമാനിച്ചു. 

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്ന് മാത്രമാണ് ഈ വിലക്ക്. മുൻപ് ഓഗസ്റ്റിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അംബാനിയെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കുകയും 25 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണൽ സെബിയെ ഒക്ടോബറിൽ പിഴ ഈടാക്കുന്നത് തടഞ്ഞെങ്കിലും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്നുള്ള വിലക്ക് തുടരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios